പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതുവത്സരം

ഓടി മറഞ്ഞങ്ങു, പോകാൻ തുടങ്ങുന്നു ഈ വർഷം.... പൊയ് പോയ കാലത്തിന്റെ, കഷ്ടങ്ങൾ മായ്ക്കുവാൻ... ഇനിയും വരുന്നൂ തിടുക്കത്തിൽ, ഒരു പുതുവർഷം കൂടി.... പുഞ്ചിരി തൂകി, ഹർഷാരവം മുഴക്കി.... വന്നെത്തിടുന്നു നാളേയ്ക്ക്, ഒരു പുതുവത്സര പുലരിയും....

തത്വമസി

പമ്പയിൽ മുങ്ങിനിവർന്നു ഞങ്ങൾ, സ്വാമിയേ ശരണമെന്നാലപിച്ച്... കന്നി അയ്യപ്പന്മാരുമൊത്ത്ങ്ങൾ, മലകയറി വന്നങ്ങെത്തിടുന്നു... പന്തള നാടിന്റെ ഓമന പുത്രനെ, കാണുവാനായ് താണ്ടുന്നു മാമല.... മഹിഷിക്കു മോക്ഷം കൊടുക്കുവാൻ വന്നൊരാ, ശാസ്താവ് തന്നിടം കണ്ടു തൊഴുന്നേരം.... ഇരുമുടിക്കെട്ടുപോൽ ഏറുന്ന ഭാരങ്ങൾ, ജീവിതമെന്നൊരു സാഗരം താണ്ടുവാൻ.... നേർവഴികാട്ടുവാൻ കൃപയാകണം, എന്നും തത്വമസി പൊരുളായി നിലകൊള്ളണം....

ശ്രീ

ഏഴഴകുള്ളൊരു, പെൺകൊടി നീ.... നല്ല ചേലൊത്ത, വാർമുടി ചുരുളഴക്.... തേനൂറും മൊഴിയുള്ള, മാനമിഴി കനവുനീ.... നിന്റെ ചെഞ്ചുണ്ടിൽ വിടരുന്നു, പുഞ്ചിരി അഴക്.... വെള്ളാരം കല്ലിൽ, നിനക്കൊരു മൂക്കുത്തി... എന്തൊരഴകാണീ, മുഖദർശനം... കാതിലോ കമ്മലായ്, നക്ഷത്ര ദീപങ്ങൾ.... ഏവർക്കും ശ്രീയായ്, പ്രിയ കൂട്ടുകാരി....

എന്റെ കണ്ണൻ

മിഴികൾ നിറയവേ, നീയെന്നെ കാഴ്ച്ചയിൽ.... മനം നിറയുന്നു, നിന്റെയീ സ്നേഹത്തിൽ.... സ്വപ്നങ്ങൾ കാട്ടുന്നു, എന്നെ ഉണർത്തുവാൻ.... ഒടുവിൽ നീ തന്നെ കണ്ണാ, എന്നിലെ പ്രതീക്ഷകളൊക്കെയും... നീയെന്നുമൊപ്പം, എന്നോട്കൂടവേ...

തൂലിക

വൃശ്ചിക പുലരിയിൽ ഊർന്നുവീണന്നൊരാ, മഴ മുത്തു പോലെയീ കുഞ്ഞു പൂവ്.... അച്ഛന്റെ സ്വപ്നം പൂവണിഞ്ഞീടുന്ന, ധന്യമുഹൂർത്തം പാരതിലെന്നും.... അമ്മതൻ കൈകളിൽ വന്നണഞ്ഞീടുന്ന, ഭാഗ്യനിയോഗമാണിന്നവള്.... എന്തൊരു ചന്തമാണെന്നോ കുഞ്ഞേ, നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്.... പേരെന്തു നൽകണം നീയെന്റെ ജീവനും, ഓമനത്തിങ്കൾക്കോ തൂലിക നാമമായ്...

വൈക്കത്തപ്പൻ

ദക്ഷിണ ദേശത്തെ കാശിയാണിവിടം, തിരു വൈക്കം എന്നൊരു പേരതിൽ പ്രസിദ്ധം..... മൂന്നു സങ്കൽപ്പമായിവിടെ വാഴുന്നു, അന്നദാന പ്രഭുവായ ശിവശങ്കരൻ.... പുലർവേളയിൽ ദക്ഷിണാമൂർത്തിയും ഉച്ചപൂജക്ക്‌ സാന്നിധ്യമാകുന്നു  കിരാതമൂർത്തി ഭാവമതിൽ .... സായാഹ്‌ന വേളയിൽ ഗൗരിയും തനയരും കൂടെയെൻ ശംഭുവും ദർശനം അരുളുന്നു പാരതിൽ പുണ്യമായി... നാഗർക്കും വരുണനും സ്ഥാനമുണ്ടിവിടെ, അന്നദാനം തന്നെ ഇഷ്ട വഴിപാടും..... ഏറെ കഥകളുണ്ടിവിടെ അറിയുവാൻ, നിറയുന്നു ഭക്തിയും ശക്തിയായി വൈക്കത്തഷ്ടമി  നാളതിൽ ....

മനസ്സ്

നീയെന്ന പാതയിൽ, ഞാനിന്നു കല്ലുകൾ.... അറിയാതെ പോകുമോയീ, ജന്മവും നീ... മനസ്സിന്റെ വാതിലിൽ, മാറാല മൂടിയും.... കനിവിന്റെ ജാലകം, കൊട്ടിയടച്ചും.... തനിയെ നടക്കുന്നുയീ, വഴി തന്നിലായ്... പതിയെ മറയുന്നുയീ, മൂകസാഗരേ.... തിരയുന്നു ഞാനിന്ന്, നീയെന്ന സ്നേഹം... അറിയുന്നു ഞാനിന്ന്, നീതന്നെ മൗനം.... നീയറിയാതെ, പറയുന്നതാവില്ലയെങ്കിലും... മറുവാക്ക് പറയാനും, ആവില്ലയിന്ന്.... നിന്റെയകലാൻ തുനിഞ്ഞുള്ള, നാട്യങ്ങൾ കാണുമ്പോൾ.... അതോർക്കുമ്പൊഴേ, പിടയുന്നു നെഞ്ചകം.... നീയില്ലയെൻ കൂടെയെങ്കിൽ, ഇനി ഞാനില്ലയിവിടെ... പോകണമവിടേക്ക്, നിഴൽ പോലും വന്നെത്തിടാത്തേയ്ക്കായ്....

കണ്ണന്റെ രാധ

ആരെയോ കാത്താണു നിന്നുടെ നിൽപ്പെന്ന്, കണ്ടാൽ അറിയാല്ലോ പൂങ്കുയിൽ നാദമേ... ചന്ദന നിറമാർന്നൊരാ വദനം കാന്തിതം, പീലി വിരിച്ചപോലുള്ളോരു കൂന്തലും.... ചേലോടെ ചിഞ്ചിലനാദം പരത്തുന്ന, പാദസരങ്ങൾ അണിഞ്ഞ മാൻമിഴി അഴകവൾ.... വിരഹിണിയാണവൾ ഏങ്കിലും, കാതോർക്കുന്നു എന്തിനോ വേണ്ടിയാത്തീരത്ത്...  നിശ്ചലം ഒഴുകുന്ന യമുനയും, കളകളാരവം മുഴക്കുന്നു... ദൂരെ വിദൂരെയായ് കാറ്റിൽ നിന്നൊഴുകി, എത്തുന്നൊരാ മുരളീരവം കേട്ട്.... ഹൃദയം തുടിക്കുന്നു വീണ്ടും, അവളുടെ കണ്ണുകൾ തിരയുന്നു...   പ്രണയത്തിൽ മറന്നവൾ, നൃത്തമാടുന്നു സഖിമാരുമൊത്തു.... ഏവരും ആനന്ദപൂർണ്ണം പറഞ്ഞു, അവളാ വൃന്ദവനത്തിലെ കണ്ണന്റെ രാധ....

കാലവും സമയവും

സ്വപ്നങ്ങൾക്ക്  നിറമേകുന്നത് ചിന്തകളെങ്കിൽ, എന്നിൽ നിന്നും ഞാനെന്റെ ചിന്തകളെ അകലെ നിർത്താം.... സ്നേഹമെന്നത് എനിക്കന്യമെങ്കിൽ, ഞാനും പോയിടാം വെറുപ്പിന്റെ ലോകം തേടി.... അഭിലാഷങ്ങളും ഓർമ്മകളും, ഒടുവിലീ അടക്കിപ്പിടിച്ചുള്ള തേങ്ങലായെന്നിൽ നിറയുമ്പോൾ... കൂടെ ആരുമില്ലെന്ന യാഥാർഥ്യവുമുൾക്കൊണ്ട്, തനിയേ നടന്നിടാം ദിക്കറിയാതെ.... പാതിവഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ, ഇന്നൊരു ബന്ധനമായി പിൻതുടർന്നീടുമ്പോൾ ... അവിടെയും ഒരു താങ്ങായി ആരോവരുമെന്ന, വിശ്വാസമിന്ന് അപ്രത്യക്ഷം... ഈ നിമിഷം ഞാനും, തിരിച്ചറിഞ്ഞീടുന്നു.... നീയുമെന്നെ ഒരു നാൾ കൂട്ടിടും, ഈ കാലത്തിലെന്റെ സമയം വന്നെത്തിടുമ്പോൾ...

ആകാശം

ചിരിക്കുന്നൊരാകാശം, നീലക്കുട ചൂടി വാർമഴവില്ലു വിരിച്ചു നിൽക്കുന്നു.... കരയുന്നൊരാകാശം, കാർമേഘ കനല് ചൂടി നിൽക്കുന്നു... രൗദ്ര ഭാവം പൂണ്ടൊരാകാശം, ഇടിമിന്നൽ മാല ചാർത്തി നിൽക്കുന്നു... ശാന്തമായൊരാകാശം, നിലാ പുഴപോലെ ഒഴുകുന്നു.... പ്രണയിനിയായൊരാകാശം, നിലാവിൽ താരകക്കമ്മലിട്ടു നിൽക്കുന്നു... വിരഹാർദ്രയായൊരാകാശം, തമസ്സിൽ മുങ്ങി നിൽക്കുന്നു...

മലയാലപ്പുഴ

ഓർക്കുന്നു ഞാൻ നിന്നെയീമഴ തന്നിലായ്, ചേർന്നങ്ങു നിൽക്കുന്നൊരാൽമരച്ചോ ട്ടിലായി... കാണുന്നു നിന്നെയീ ആമ്പൽകുളത്തിലും, ചേലോടെ ചിരിതൂകി നിൽക്കുന്നൊരമ്മയായി.... പാടാൻ മറന്നോരു നാമങ്ങളൊക്കെയും, കേൾക്കുന്നു നിന്നുടെ ശ്രീകോവിലിനുള്ളിലായ്.... കേട്ടാൽ മറക്കാത്ത സോപാന സംഗീതം, കേട്ടുകേട്ടങ്ങു മറക്കുന്നു ഞാനെന്നേ.... സന്ധ്യക്ക് തെളിയുന്ന കർപ്പൂരദീപവും, എന്നും ജ്വലിക്കും കെടാവിളക്കും മുന്നിൽ.... നിറദീപ സാന്നിധ്യമായ് ചുറ്റുവിളക്കും, നിന്നുടെ ദീപാരാധന തന്നിലായ്... ശ്രീഭദ്രകാളിയായി അമരുന്നു മലയാലപ്പുഴതന്നിൽ , അമ്മതൻ തൃപ്പാദം കുമ്പിട്ടു വണങ്ങിടുന്നു....

തിരിച്ചറിവ്

കനലായി എരിയുന്നു ഞാനെന്ന മാനസം, നിഴലായി നിൽക്കുന്നു നീയെന്ന താരകം.... ചിരിതൂകി നിൽക്കുന്നു വിധിയെന്ന വേഷവും, തനിയെ മടങ്ങുന്നു കാലമിന്നിങ്ങനെ..... എണ്ണിയാൽ തീരാത്ത ദുഖങ്ങൾ പേറി, ഒരോ നിമിഷവും വെന്തുവെണ്ണീറായ്... എരിതീയിലെരിയുന്ന ജീവിതം കാണുവാൻ, ആരുമില്ലെന്ന തിരിച്ചറിവോടെ ഞാൻ.... എവിടെയാണിന്നെന്റെ സ്വപ്നഗേഹം, പിന്നെ അറിയാതെ അറിയുന്ന സൗഹൃദങ്ങൾ.... ഒരുവാക്ക് പറയാതകന്ന സ്വന്തം, പിന്നെ മറുവാക്കു പറയുവാൻ അന്യമെന്നും.....

പ്രതീക്ഷ

പ്രതീക്ഷയേറെയുണ്ടെൻ മനമതിൽ, നല്ല ചിന്തകളെന്നിൽ നിറയ്ക്കുവാൻ... വിധിയെന്ന സർപ്പദംശനമേറ്റുഞാനും, ഉഴലുന്നു പലവിധ ദുഃഖങ്ങളാൽ.... എങ്കിലും കൈവെടിയില്ല ഞാനിന്നെന്നെ, നയിക്കുന്ന പ്രത്യാശ ഒരിക്കലും.... കാലം കരുതി വച്ച, ഓരോ വഴിത്തിരുവുകൾ....  മായ്ക്കുന്നു മുറിപ്പാടുകൾ, എന്നിൽനിന്നോരോന്നായ്.... അറിയുന്നു ഞാനെന്നുമിപ്പോൾ, നീയെന്റെ ആത്മാവിലിഴചേർന്ന സ്നേഹമെന്ന്... നീ തന്നെ കണ്ണാ എന്നിൽവന്നങ്ങുചേരുന്ന, നന്മകൾ തന്നുടെ ഉറവിടവും....

നിന്നോടുകൂടെ...

അസ്തമയ സന്ധ്യയിൽ മുങ്ങി നിൽക്കുന്നോരാ, പുഞ്ചപാടം കൺകുളിർക്കെകാണുവാനായ്.... യാത്ര പോകുന്നു ഞാൻ, നിന്നെയും കൂട്ടി.... ഈചെറു വീഥിയോ നമ്മേനയിക്കുന്നു, പ്രകൃതിതൻ വിസ്മയ ചെപ്പ്തുറക്കുവാൻ..... പാടവും പുഴകളും വാകമരങ്ങളും, പിന്നെ കളകളാരവം മുഴക്കുന്ന അരുവിയും.... തെല്ലൊന്ന് മാറി നിൽക്കുന്നു, കുഞ്ഞിളം കാറ്റിൽ ആടിത്തിമിർക്കുന്ന..... പിന്നെ ചന്തമേറും സൂര്യ രശ്മിയിൽ, മുങ്ങിനിവരുന്നൊരാമ്പൽ പൊയ്കയും.... സന്ധ്യയോ മായുന്നു, രാത്രിയുടെ വരവിനായി.... പൗർണ്ണമിക്കലയിൽ മുങ്ങി, നിൽക്കുന്നോരാ പൂമരച്ചോട്ടിൽ..... അന്യോന്യം കണ്ണെടുക്കാതെ നോക്കിനിൽക്കുന്നു, നാം ഇരുപേരും.....

ആതിര

നീലത്താമര ഇതൾ പോലെ മാനസം, പീലിനീർത്തിയ അഴകോടെ കൂന്തലും.... ചെന്താമര പോലെയിരു നയനവും, പനിനീർ പൂവുപോലെ അഴകുള്ളൊരു വദനവും.... അന്നോരു നവംബർ മഴയതിൽ, പുലർകാല സൂര്യന്റെ തേരിൽ നീയെത്തി... അമ്മതൻ കുഞ്ഞു മാലാഖയായി, പാരതിൽ അറിവിന്റെ വെളിച്ചമേകുവാൻ.... നീയിന്നുമേവർക്കും ആതിരയായ്, മനം നിറയുന്നു നിൻ സ്വരമാധുര്യലഹരിയിൽ... ഒരു നറുപുഞ്ചിരി നിന്നിൽ നിറയുമ്പോൾ, ഭാഗ്യമായി നിറയുന്നു അനുരാധനക്ഷത്രം....

മണിനാദം

ഇമേജ്
മണിനാദം മുഴങ്ങുന്നു നിൻ സന്നിധാനത്തിൽ, കേട്ടങ്ങുണരുന്നു നിൻ നാമജപമന്ത്രം... ഭക്തിയിൽ ആറാടി നിൽക്കുന്നു ഏവരും..., നിൻ രൂപദർശനമീജന്മ പുണ്യം.... ഞാനെന്നൊരഹം മാറി നാമെന്ന ഭാവം, ഉണരുന്നു വീണ്ടും എൻ മനതാരിൽ.... കാളിയായ് ഭദ്രയായി നീയെന്നുമരികെ, കുടികൊള്ളും പൊന്മന ദേശത്തിലിവിടെ.... ആധിയും വ്യാധിയും പേറി വന്നെത്തുന്നു, പതിനായിരങ്ങൾ നിൻ തിരുസന്നിധിയിൽ... കടലോളം സ്നേഹമായി കാരുണ്യരൂപമായി, കണ്ണീരുതുടയ്ക്കുന്നൊരമ്മയായി അരികിൽ...

പ്രകൃതിയും ഞാനും

പുലർകാല വേളയിങ്ങെത്തീ, ഇന്ന് നീയോ ഉണരുന്നു മൂകമായി... എന്തേ നിനക്കെന്നു ചോദിക്കുവാൻ, ആരുമില്ലെന്ന സത്യവും നീയങ്ങറിയുന്നു... നീ ചിരിക്കുമ്പോഴും ഞാൻ അറിഞ്ഞീലിത്രനാൾ, നിന്നിലെ പുഞ്ചിരിയെന്റെയെന്ന്.... നീ കരഞ്ഞപ്പോഴും ഞാനറിഞ്ഞില്ലല്ലോ, നിന്റെയാ കണ്ണുനീരെന്റെയെന്ന്... നീയെന്ന സ്നേഹത്തിൻ ആഴം അറിഞ്ഞീടാൻ, നീ തന്നെ മഴയായി പെയ്തങ്ങിറങ്ങുന്നു.... നീയെന്ന രാഗത്തിൽ മുഴുകീടുവാൻ ഞാൻ, കാതോർക്കുന്നു നിന്റെയാ ഈരടികൾ... ഇനിയെങ്കിലും തിരിച്ചങ്ങറിയണം, ഈ ലോക മാനവർ നിന്നെ... നീ തന്നെ ഈശ്വരി, നീ തന്നെ വിശ്വവും.... നീയില്ലയെങ്കിൽ ഇനി ഞാനില്ലയെന്നും, അറിയേണം ആത്മബന്ധുക്കൾ നമ്മളന്യോന്യം.....

റാണിപുരം

വാനിലൊളം ഉയരത്തു നിൽക്കുന്നു, പച്ചപുതച്ച് പ്രകൃതിയിന്നിവിടെ.... കണ്ണുകൾക്കാനന്തമേകുന്ന കാഴ്ചയും, കാതിനും ഇമ്പമേകുന്ന കാറ്റും... കോടമഞ്ഞിന്റെ സൗന്ദര്യ വിസ്മയം, അതിൽ പൊഴിഞ്ഞങ്ങിറങ്ങുന്ന സൂര്യരശ്മികൾ.... നിന്നെ കൺകുളിക്കെ കാണുവാനായി, ഞാനൊരു നാൾ വന്നെത്തിടും.... മഹാറാണിയായി നീ വാഴുന്ന ദേശത്തിൽ, പ്രകൃ‌തീ നിന്നുടെ റാണിപുരം തന്നിലായ്.....

ഹൃദ്യമീ മൊഴി

പ്രതീക്ഷയുടെ കിരണം തൊട്ടുണർത്തുന്ന  നിന്റെയീ മൊഴികൾ കാതോർക്കുമ്പോൾ, വളരെ മനോഹരം ആണെന്ന് തോന്നും ഈ ലോകം. നിന്റെ ശബ്ദം ആയിരംമടങ്ങ് ശുഭചിന്തകൾ എന്നിൽ നിറക്കുമ്പോൾ നിന്റെ സൗഹൃദം ഒരു അനുഗ്രഹവർഷം തന്നെ എന്റെകണ്ണന്റെ. കരുതലും കരുണയും നിറഞ്ഞു തുളുമ്പുന്ന സ്വരം. നീ പറയുന്ന ഓരോ വാക്കിലും പ്രതിധ്വനിക്കുന്നത് സൗഹൃദത്തിന്റെ ഇമ്പമാണ്, അതെത്ര കേട്ടാലും മതിവരുകയും ഇല്ല. വരും ജന്മനങ്ങളും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കാൻ കണ്ണന്റെ അനുഗ്രഹം ഉടനീളം ഉണ്ടാകണം എന്നൊരഭിലാഷം.. മധുരമീ മൊഴിയെന്നും, ഇമ്പമേറിടും കേട്ടങ്ങിരിക്കുമ്പോൾ... ഏറെ ഹൃദ്യമാണെൻ, കണ്ണനെപോലെ.... വീണ്ടും കേൾക്കാൻ, കാതോർത്തിരിക്കാം... ഇനിയെന്നും, സൗഹൃദമേ നിന്നെ....

കണ്ണനുണ്ണി

വിളക്കുവയ്ക്കും കണ്ണനുവേണ്ടി, എന്നുമീ തൃക്കോവിലിൽ.... നേദിക്കാം നിനക്കായ്, തൃക്കൈ വെണ്ണയിന്നെൻ മാനസ്സേ... തുളസി മാല ചാർത്തിടാം ഞാൻ, നീവരുന്ന നാളതിൽ... വിളികേൾക്കുവാൻ ഇനിയും, വൈകിടല്ലേയെൻ കണ്ണനുണ്ണീ നീ... ഒന്ന് കാണുവാനോ ഏറെ നാളായി, കാത്തിരിപ്പൂ ഇവിടെ ഞാൻ....

ദേവൂട്ടി

ചെന്താമര വിടർന്നപോലെ, മിഴി അഴകുള്ളൊരു പെൺകൊടി നീ... വാലിട്ടു കണ്ണെഴുതാനോ വിളിക്കുന്നു, വാർമുകിൽ നിന്നെ... നിൻ കൂന്തൽ കണ്ടാലോ, കാർമേഘം ഓടിഒളിക്കും... എന്നിട്ടോ കാർകൂന്തൽ ചന്തം കൂട്ടാൻ, മഴവില്ലോ നിന്നരികെ വരും.... ചെഞ്ചുണ്ടിൽ വിടരും പുഞ്ചിരി, കണ്ടാലോ നിറയും മനവും... ആച്ചെറുചുണ്ട് ചുവപ്പിക്കാനോ, സാന്ധ്യ മേഘങ്ങളെത്തവേ ... കാതിലെ കുഞ്ഞിക്കമ്മൽ, കണ്ടാലോ എന്തൊരു ഭംഗി.... നിൻ കാതിനെ അണിയിക്കാനോ, കമ്മലായ് നക്ഷത്രങ്ങൾ.... കുഞ്ഞിളം കൈകളിൽ, കരിവളയോ കൂട്ടുണ്ടേ.... നിൻ കൈകളിൽ അണിയിക്കാൻ, അമ്പിളിയോ വളയായേ.... കുഞ്ഞിളം കാലിൽക്കിലുങ്ങും, പാദസരങ്ങൾ ഏറെയുണ്ടേ... എന്നാലും ചന്തം കൂട്ടാൻ, നിലാവോ തളയായേ... നിൻ മൊഴിയൊന്ന് കേട്ടെന്നാകിൽ, ഏവർക്കും സന്തോഷം... ആമൊഴിയെന്നും കേൾക്കാനായി, വരുമല്ലോ അമ്പാടിക്കണ്ണനും.... അച്ഛനും അമ്മയ്ക്കും നീ, ദേവാംശമുള്ളൊരു കുഞ്ഞ്... ഞങ്ങൾക്കോ നീയെന്നും, ദേവൂട്ടിയായി വന്നൂ....

സൗഹൃദമെന്ന സൗഭാഗ്യം

പൊയ്പോയ കാലത്തിന്റെ ഓർമ്മകൾ  എന്നിൽ ദുഖം വിതച്ചപ്പോൾ... എനിക്ക് കൂട്ടായ് ഇരുളല്ല, വെളിച്ചമായെന്നിൽ നിറയുന്നു നീ .... എന്നുള്ളിൽ വിളങ്ങുന്ന, നന്മയും നീ തന്നെ... എന്നുള്ളിൽ തുടിക്കുന്ന ഹൃദയവും, നീയേകി ദാനമായി... എല്ലാം മറന്നു ഞാൻ, പുഞ്ചിരിതൂകുന്നു.. നീയെന്നെ സൗഹൃദമെന്നിൽ, സൗഭാഗ്യമായി ഇനിയുള്ള നാളുകളെന്റെ കൂടെ....

കണ്ണനും നീയും

മഴയായിരുനന്നും നീ വരും ദിനമതിൽ, ഓർമ്മയിൽ ഒരു പുലർവേളവന്നെത്തി... പൂത്തങ്ങുനിൽക്കുന്ന മാവിൻചുവട്ടിലായി, ആദ്യമായ് നിന്റെ കാൽവെപ്പ്‌... പിന്നെ ഉമ്മറപ്പടിയിലായി കയറി, നീ വന്നുവെൻ പടിവാതിലിൽ... നീണ്ട കാത്തിരിപ്പാണ്, നിന്നെയും കാത്ത്.... എങ്കിലും ആധിയാണെന്റെമനതാരിലെങ്ങും, ഒന്നും പറയാനുമറിയില്ല.... എന്താകുമെന്നൊരു ചോദ്യം? മൂകമായെന്നോടേവരും ചൊദിപ്പൂ.... സമയം കൊഴിഞ്ഞുപോയി, നിന്റെ ദൗത്യമോ പൂർണ്ണമായ്... ഉച്ചയൂണും കഴിഞ്ഞു യാത്രചോദിച്ചു നീ മടങ്ങുന്നന്നേരം, ഞാൻ നിനച്ചതിലൊട്ടുമേ...  നിനക്കാതെ വന്നോരു, സൗഹൃദം നീയെന്ന്.... കണ്ണൻ എനിക്കായ് കരുതിയ, ഉറ്റചങ്ങാതി നീയെന്ന്....

ജാനകി

നീലനിലാവിന്റെ നക്ഷത്രക്കണ്ണുള്ള ചുന്ദരി വാവയല്ലേ, അച്ഛന്  പൊന്നുമകളല്ലേ.... പുത്തനുടുപ്പിട്ട് കൊഞ്ചും കൊലുസിട്ട തങ്കനിലാവല്ലേ, അമ്മയ്ക്ക് പൊന്നുംകുടമല്ലേ.... ചുന്ദരി പെണ്ണിന്റെ പുഞ്ചിരി കണ്ടിട്ട്, അമ്പിളിതിങ്കളോ പാട്ടുകൾ പാടീല്ലേ... ചിറ്റക്ക് കുഞ്ഞിപെണ്ണല്ലേ... കുഞ്ഞരിപ്രാവിന്റെ കാതിലെ കമ്മലുകാണുവാൻ മിന്നാമിനുങ്ങുപോലെ.... മുത്തശ്ശീടെ ചുന്ദരിമുത്തല്ലേ... കുഞ്ഞിളം കൈകളിൽ എന്തൊരു ചന്തം, കുഞ്ഞുവളകൾ കാണാൻ... മുത്തച്ഛന്റെ പുന്നാരമുത്തല്ലേ.... കാർകൂന്തൽ നിന്നിൽ പീലിഅഴകായി, ചിണുങ്ങിയും പിണങ്ങിയും മനംകവരും ... ഞങ്ങടെ ജാനകി വാവയല്ല....

ആനന്ദക്കണ്ണൻ

ഓർക്കുന്നു ഞാനാ ത്രിസന്ധ്യാനേരം, ഗുരുവായൂരോ ചെന്നോരുനാളത്.... കേൾക്കുന്നു കണ്ണന്റെ നാമങ്ങളെവിടെയും, എല്ലാരും കൈകൂപ്പി നിൽക്കുന്ന സന്നിധി... പാടുന്നു കണ്ണന്റെ അഷ്ടപദികൾ, കേൾക്കുന്നയേവർക്കുമാനന്ദലഹരി.... കണ്ണുനിറഞ്ഞുപോയി കൺകുളിർക്കേകണ്ട്, ഉണ്ണിക്കണ്ണന്റെ തിരുരൂപം മുൻപിലായ്.... ഉണ്ണിയെ കണ്ടുഞാൻ കൺതുറന്നീടവേ, പറയാൻ മറന്നുപോയെൻ പരിഭവങ്ങൾ... ഒന്നുമാത്രമാണന്നുമിന്നുമെന്നിൽ നിറയുന്നു, ആനന്ദക്കണ്ണന്റെ രൂപം മാനസേ സ്വച്ഛമായി..

താമരക്കണ്ണൻ

ഹരിനാമ കീർത്തനം കേട്ടങ്ങുണർന്നീടാം, ഗുരുവായൂർ ശ്രീലകം തന്നിലെന്നും.... ഒഴുകിയെത്തുന്നൊരീ ബാസുരീ നാദം, കേൾപ്പൂ മനമോ ആനന്ദപൂർണ്ണം... പ്രിയതോഴി രാധയ്ക്കും ഭക്ത കുചേലനും, കുറൂർ ഇല്ലത്തമ്മയ്ക്കും ഭട്ടതിരിക്കും...  ആവോളം നൽകി നീ, നിൻ ദിവ്യ ദർശനം... വീണ്ടുമാ കാൽച്ചിലമ്പൊച്ച കേൾക്കുന്നു ഞാനെങ്ങോ... ശ്രീലകത്തുണ്ടോയെന്റെ കണ്ണാ നീ... പാല്പായസവും കദളിപ്പഴങ്ങളും, നേദ്യമായി നൽകിടാം നീ വരുമെങ്കിൽ.... താമരക്കണ്ണനെ കാണുവാനായെത്തി, വീണ്ടുമീ ഗുരുവായൂർ അമ്പലനടതന്നിൽ... ഈ നേരമെങ്കിലും കാണാൻ കഴിയണേ, നിൻ ദിവ്യ രൂപം എന്റെ കണ്ണാ...

കണ്ണൻ

കണ്ണിനു മധുവേകും കായാമ്പൂ വർണ്ണനേ, കണികണ്ടുണരുവാൻ കൃപയേകണം... കദനങ്ങൾ നിറയുന്ന മനസ്സിന് നീയെന്നും, കോടകാർവർണ്ണാ തുണയാവണം... നോവേറും ജീവിതവീഥിയിൽ, തളർന്നു ഞാൻ നിൽക്കുമ്പോൾ... വഴികാട്ടിയായി നിൻ സാമീപ്യം, അറിയുന്നു അകതാരിലെന്നും... മുരളീഗാനം കേൾക്കുന്നുവോ കണ്ണാ, നിന്റെ കാൽച്ചിലമ്പൊച്ച ഞാൻ കേൾക്കുന്നുവോ... തൃക്കൈവെണ്ണയും തുളസീദളങ്ങളും നൽകിടാം ഞാനെന്നും, എൻ കണ്ണനെ വരവേൽക്കുവാനായി..

എന്റെ ഉണ്ണിക്കണ്ണൻ

ഏറെനാളായി കാത്തങ്ങിരിക്കുന്നു, ഉണ്ണിയെ കാണുവാനേറെമോഹം.... പലവുരുപോയി ഞാൻ, ഗുരുവായൂർനടതന്നിൽ... എങ്കിലും....! കാണാൻ കഴിഞ്ഞില്ല, ഒരുനാളുമേ... ഉണ്ണിയെ കണ്ടിട്ടു പറയുവാൻ, ആവോളമുണ്ടെനിക്കെങ്കിലും തെല്ലില്ല പരിഭവങ്ങൾ.... കണ്ണുനിറഞ്ഞുഞാൻ നിന്നെ വിളിക്കുമ്പോൾ, കണ്ണാ നീയെന്മുന്നിൽ വരികയില്ലേ..... ഒടുവിൽ ഞാനെത്തിയീ... അഷ്ടമിരോഹിണി നാളതിൽ ഉളനാട്ടിലമരുന്ന നവനീതകൃഷ്ന്റെ മുന്നിലായ്... ആടിത്തിമിർക്കുന്ന കാറ്റിന്റെ ഈരടിയിൽ, കേട്ടിടാം ഉണ്ണിതൻ നാമസങ്കീർത്തനമവിടെയായി... പടവുകൾ കയറി ഞാൻ ചെന്നൂ, തിരുമുൻപിൽ കൈകൾകൂപ്പിവണങ്ങീ... കണ്ടുഞാൻ അങ്ങനെ നിന്നുപോയി, കണ്ണെങ്ങെടുക്കാതെൻ ഉണ്ണിക്കണ്ണന്റെരൂപം .... പീലിത്തിരുമുടി കെട്ടിയ കൂന്തലും, ചേലോടെ ചുണ്ടിൽ ചേർന്നോരോടക്കുഴലും... എന്തൊരുഭംഗിയാണെന്റെ ഉണ്ണിക്കെന്ന്, ചൊല്ലി പലവുരു ആനന്ദബാഷ്പം തൂകി.... കണ്ടൂഞാനേറെനേരമെൻ ഉണ്ണിയെ, എങ്കിലുമെന്നുമാദർശനം കണികാണുവാൻ കഴിഞ്ഞെങ്കിലെന്നെൻ അഭിലാഷം....

അമ്പിളിക്കുരുന്ന്...

താരകങ്ങൾ ഏകുന്നു ആശംസകൾ, ഓമൽകുരുന്നിനായീ ഈ ദിനത്തിൽ.... തിങ്കൾത്തേരേറിടുന്നു പിറന്നാൾക്കിളി, നിന്നെ വരവേൽക്കുവാനോ വാനിലമ്പിളി... നിനക്കാതെ കിട്ടീല്ലേ, കൈനിറയെ സമ്മാനങ്ങൾ... പിണങ്ങി നീ നിൽക്കുമ്പോൾ എന്തു ചന്തമാണെന്നോ.... ചിണുങ്ങാതെൻ പൊന്നേ നീ, അമ്മതൻ മുത്തല്ലേ... കിണുങ്ങാതെൻ കിങ്ങിണിയേ, അമ്മതൻ തംബുരുവേ...... നിനച്ചാലും ഇല്ലേലും, നീയേയെൻ ജീവിതമേ... ഏകുന്നു നിനക്കായി ഞാനും, ഒരായിരം പിറന്നാൾ ആശംസകൾ...

കവചം

കണ്ടുവോ നിങ്ങളെൻ താമരകണ്ണനെ, കണ്ണടച്ചാലും തുറന്നാലുമാരൂപം.... ഓടക്കാർവർണ്ണനായി ഉളനാട്ടിൽ അമരുന്ന, കണ്ടുവോ നിങ്ങളെൻ നവനീതകൃഷ്ണനെ.... ഓടകുഴലിന്റെ മധുരഗീതം കേട്ടൂ, മയിൽ‌പീലിചൂടിയ കാർക്കൂന്തലും കണ്ടു.... ഉണർന്നിരുന്നാലും ഉറങ്ങുമ്പോഴും കണ്ണാ, നീയായിരുന്നെന്റെ മനതാരിലെപ്പോഴും.... ദുഃഖങ്ങൾ കടലായി മാറുന്ന നിമിഷവും, ദുരിതങ്ങൾ വന്നെന്നെ മൂടുന്ന നേരത്തും... എനിക്കായ്, അതിജീവനത്തിന്റെ പാതയും തുറന്നിട്ട്... ഒടുവിൽ നീ തന്നെ കണ്ണാ മുരാരേ കൃഷ്ണാ, എന്നേയ്ക്കുമായെന്റെ രക്ഷാകവചം...

തണൽ....

ദൂരേ വിദൂരേ കേൾക്കുന്നു കാലൊച്ച, പതിയെ അടുക്കലായ് എത്തീടവേ.... ഒരു മൊഴികേട്ടു ഞാൻ കാതോർത്തിരിക്കെ, കാവ്യമായി എന്നിൽ നിറയുന്നു നീ.... എവിടെയോ കണ്ടുമറന്നൊരാ മുഖമല്ല, എന്നുമതെന്നിൽ തെളിയുന്നതും...  ഒരുനാളിൽ ഈ കോവിൽ നടയിൽ നീ വന്നതും, ഒരു വാക്കുമിണ്ടാതെ പോയീല്ലയോ.... തിരികെ വിളിക്കുവാൻ അറിയില്ല നിന്നെ, ആരെന്നുമെന്തെന്നും അത്രനാളും.... ഒടുവിലീ വിധി തീർത്ത വഴിയേ നടന്നുഞാൻ, അഴലിന്റെ കൈകകോർത്തിത്രനാളും... ആരുമില്ലെന്ന തിരിച്ചറിവോടെ, കാലം കടന്നുപോയി ഏറെയായി.... ആകെ തളർന്നു ഞാൻ നിൽക്കുന്നൊരീനിമിഷം, നീ വന്നുചാരെയെൻ കൂട്ടിനായി, പിന്നെ നീ തന്നു.. തണലായൊരീ സൗഹൃദം....

പൊന്നോണം

തൃപ്പൂണിത്തുറയിലെ അത്തച്ചമയം കണ്ടുകൺകുളിർക്കെ, ഇങ്ങെത്തിയീ ചിത്തിര കാറ്റും.... തുമ്പയും തെറ്റിയും മുക്കുറ്റിയും, പിന്നെ തൊടിയിലെ പലവിധ പൂക്കളും, കോർത്തങ്ങിണക്കി വർണ്ണപൂക്കളം, തീർക്കുന്നു പൗർണ്ണമിത്തിങ്കളും... ചിങ്ങമാസ്സത്തേരിലേറി ഇങ്ങെത്തിയീ, ചിങ്ങവെയിലും തുമ്പിയും... ആറന്മുളയിലെ തീരുവള്ള സദ്യയും കണ്ട് രുചിച്ച് വന്നെത്തിയല്ലോ, ഉത്രാട പൂനിലാവും കൂട്ടരും.... തിരുവോണത്തപ്പനെ വരവേൽക്കുവാനായ്, ഏവരും ചേർന്നങ്ങൊരുക്കുന്നു തിരുവോണനാളിലെ പൊന്നോണ സദ്യയും... പിന്നെ ആവണിത്തേരേറി പോകുന്നുയേവരും, ചതയ ദിനത്തിലെ, വള്ളംകളിയ്ക്കായി.... ഒടുവിൽ ഏവരും പിരിയുന്നു പലവഴിതന്നിലായ്, വീണ്ടുമൊരു ഒത്തുവരവിനായി, കാത്തങ്ങിരിക്കാം നിന്നെ പോന്നോണമേ...

കാവ്യദളങ്ങൾ

പറയാതെ എങ്ങനെയെന്നേവരും ചൊല്ലുമ്പോൾ, പറയാതെ അറിയുന്നു നീ മാത്രമെന്നും... എങ്ങനെയെന്നു  പലവുരി ചോദിച്ചു, ഉത്തരം നീ തന്നു പുഞ്ചിരിയായ്.... നീയെന്നുമെൻ ആത്മാവിൽ ഇഴചേർന്ന രാഗം... നിമിഷങ്ങളിൽ വന്നു നിറയുന്ന മൗനം... ഹൃദയം കൊണ്ടെഴുതിയ കാവ്യ ദളങ്ങളായി, വിടരുന്നു നീയെന്റെ മനതാരിലെന്നും.... കനവായ് നിഴലായ് നീയെന്നുമെന്നും, നിനക്കാതെ കൂട്ടായോരെൻകൂടെ എന്നും....

മുറിപ്പാട്

ഒരു വിട വാക്കു നീ നൽകുമ്പോഴും, പലവുരി ചൊല്ലാൻ മറന്നു ഞാനും.... എന്റെ ഹൃദയമാണെന്ന് നീ ഓർത്തിടാതെ, പലകുറി നീതന്നു മുറിപ്പാടുകൾ.. ആഴത്തിലായ് പതിഞ്ഞോരോരോ നോവും, ആകാലത്തിലായി പൊലിയുന്നതല്ല... ഓർക്കുക!  കാലം കൊഴിഞ്ഞിടും, ഈ കോലാഹലങ്ങളും കെട്ടിടും.... പക്ഷേ! മുറിവേറ്റ മാനസ്സം, എന്നുമൊരു ശാപമായി തന്നെ നിന്നെ പിന്തുടർന്നീടും... ഒടുവിൽ നീയും നിന്റെയീ കുലവും, സ്വസ്ഥത അറിയാതെ വെന്തുവെണ്ണീറായങ്ങൊടുങ്ങിടും... ഇതു നിനക്കായ്‌ കാലം, കരുതിവെച്ച ധ്വനി.... ഓർക്കുക ഇനി നീയെന്നുമേ, നന്നായി കരുതിയിരിക്കുക.... മാപ്പില്ല..., നിന്റെ പാപചെയ്‌തികൾക്കുള്ള ഫലം മാത്രമിവിടെ.... നിന്നെ വേട്ടയാടി തുടങ്ങുന്നു, അന്തമില്ലാതെ.....

ജാനകി....

കൺകുളിർക്കെ കണികണ്ടുണരാൻ, കൺമണി ഇന്നുനീയോ എൻ അരികിലായ്... നാളെ ഒരുനാൾ കല്ലടിക്കോടിന്റെ, മായാലോകം ഞാൻ കണ്ടുണർന്നിടും... നിൻ കൊഞ്ചൽ കേൾക്കാൻ, കാതോർത്തിരിക്കും ഏകയായ് ഞാൻ അവിടെ... അവധി ഒന്നു വന്നു കാണാൻ, ഏറെയാകും മോഹവും... നാട്ടിലേയ്ക്കൊരു വരവിനായി, കാത്തിരിപ്പു തുടങ്ങവേ.... അപ്പൊഴും നീയാകും എന്നിൽ, എന്റെ സ്വന്തം ജാനകി....

ഒരു നിമിഷം....

പണ്ടേയ്ക്ക് പണ്ടേ, പുകൾപെറ്റ നാട്... പൗരാണികത്വത്തിന്റെ, കൊടുമുടി ഏറുന്ന നാട്... വാദ്യ കലകളിൽ, നൈപുണ്യമാർന്നോരു, സാംസ്കാരികതയുടെ, പൈതൃകനാട്.... ചൊല്ലിപഠിപ്പിച്ച പാഠമാണാദ്യം, വെറും പെണ്ണാണു നീ... വെറുമൊരു പെണ്ണ്.... അവൾക്കോ ഒരു വിധി മാത്രം ഇവിടെ, എല്ലാം സഹിക്കുക ഭൂമിയോളം.. ആദ്യം കൽപ്പിക്കും വില ഏവരും, പെണ്ണിനല്ല മറിച്ച് ഭൂസ്വത്തിനും പൊന്നിനും... സ്നേഹം അതെങ്ങുമില്ലിവിടെ, വേണമാവോളം പണം അതല്ലാതെ, മറ്റൊന്നുമേ വേണ്ടതിലൊട്ടുമേ... കൂട്ടായ് കൂടെ വന്നവനും തുലാസ്സിലേറ്റുന്നു, കൂടെ വന്ന പൊന്നിന്റെതൂക്കം... മൂല്യം കുറഞ്ഞുവോ എങ്കിൽ, വീണ്ടും സഹിക്കണം കുത്തുവാക്കുകൾ, പിന്നെ ഒരിക്കലും, മങ്ങാത്ത മുറിപ്പാടുകൾ കൂട്ടായ്.. സ്വപ്നങ്ങൾതൻ ചില്ലു കൊട്ടാരം പൊട്ടിച്ച്,  താലിയെന്നൊരു ചരട്... രക്ഷയായ് നിൽക്കേണ്ടൊരാൾ തന്നെ,  ശിക്ഷയായ് മാറുന്നു നിമിഷങ്ങൾക്കകം... ഒടുവിലീ വിധി അവൾക്കായ്, അവൻ തന്നെ തീർക്കുന്നു.... മരണമതവൾ തിരയുന്നു, ഒരു രക്ഷപെടലിന്റെ മാർഗ്ഗം മാത്രമായി... ഒരുനിമിഷം, ഒരേഒരു നിമിഷം, ഒന്നു ചിന്തിച്ചു നോക്കുവിൻ, പൊന്നും പണവും, കോർത്തിണക്കുന്നത് ജീവിതമേയല്ല... മറിച്ചവളുടെ ശവദാഹമാണ്, ഇന്നീ പ്രൗഡിയിൽ ...

All i know and don't know...

I don't know, how i explain , the fear of, losing you dear.... I don't know, how i justify, ur silence, always...... I don't know, how and when you, slowly sneak, in to my life..... All i know is, like the way you speak, the way you support, through out my life... and all i know is, the way you listen, the way you make me feel, that i'm not alone... But, sometimes i lost myself, in your fond memories, and always, i miss you very badly.... And i know, the fact always, you are there for me, as a first and last resort forever....

നക്ഷത്രക്കണ്ണുള്ള രാജകുമാരി....

ഇടവപ്പാതി മെല്ലെ തോർന്നു, തെളിയുന്നൊരാ ആകാശവീഥിയും... കുയിലുകൾ പാടിത്തിമിർക്കുന്നു, കാട്ടരുവിയോ മുളം തണ്ടിൽ പുല്ലാംകുഴൽ ഊതുന്നു.. പ്രകൃതിയോ പച്ചപുതപ്പിട്ട് നിൽക്കുന്നു, പൂക്കളോ വിടരുന്നു നിനക്കായ്‌ ഇനിയെന്നും... സായാഹ്ന സന്ധ്യയോ തേരിലേറുന്നു, നിന്നെ വരവേൽക്കുവാനായി.... നിന്റെയാദ്യനാദം കേൾക്കുവാൻ, ഏവരും കാത്തങ്ങിരിക്കുന്നു പ്രതീക്ഷയോടെ... ഒടുവിലീ സായാഹ്ന വേളയിൽ, അമ്മതൻ അരികിലായി നീ, വന്നങ്ങണഞ്ഞൂ പ്രാർത്ഥന പോലെ... ഓമന കുഞ്ഞായി, ഒരു കുഞ്ഞു ദേവത... പാൽപുഞ്ചിരിതൂകി നിറഞ്ഞങ്ങുനിൽക്കുന്നു, കനിവുള്ളൊരു പ്രിയതോഴിയാണിന്നവളേവർക്കും... ജീജയെന്നുള്ളോരോമന പേരിൽ  നക്ഷത്രക്കണ്ണുള്ള രാജകുമാരി....

വിട...

ഒരു ചെറു തെന്നലിൻ തലോടലേറ്റ്, അടർന്നങ്ങു വീഴുന്നൂ മഴമുത്തുകൾ... ഇന്നെന്റെ മുറ്റത്തെ, മലർവാടിയിൽ... ചിറകറ്റുപോയൊരു, പക്ഷിയെപ്പോലെ... മാഞ്ഞങ്ങുപോകുന്നു, മഴവില്ലായ്എന്നേയ്ക്കും... എവിടെ നീ..., അറിയില്ല! തിരയുന്നു ഞാൻ നിന്നെ, ഒടുവിലായി കണ്ടു, എന്മനസ്സിന്റെ ഒരുകോണിൽ.... തിരികെ വിളിച്ചുഞാനാവോളം, കേട്ടതില്ലൊട്ടുമേ... മൗനമായി നീയും പടിയിറങ്ങുന്നു, എന്നേക്കുമായി....

പുഞ്ചിരി...

ഹൃദയം കവരുന്ന പുഞ്ചിരിതൂകി ഒരമ്മയും കുഞ്ഞും. ഏതു തടസ്സങ്ങളും വഴി മാറി പോകും, അവരുടെ ഈ ചിരിക്കു മുന്നിൽ. ദിവ്യമായ ഒരനുഭൂതിയാണ് അവളുടെ പാൽപുഞ്ചിരിയിൽ. അമ്മയുടെ മടിത്തട്ടിൽ ഇരുന്ന് കുറുമ്പുകാട്ടി, ആരേയും ആകർഷിക്കുന്ന ആ പോന്നോമനയെ ഒന്നു തലോടുവാൻ ആരും കൊതിക്കും. അവളുടെ കാതിലേ കുഞ്ഞു കമ്മലും, കാലിലേ പാദസരങ്ങളും, കയ്യിലെ വളകളും അവളുടെ കുഞ്ഞു കുറുമ്പുകൾക്ക് താളം പിടിക്കുന്നു. അവളുടെ ഈ തേനൂറും പുഞ്ചിരിയിൽ എല്ലാസങ്കടങ്ങളും മറന്ന് ഞാനും കാൽവെയ്ക്കുന്നു ഒരു നല്ലനാളേയ്ക്കായി...

സുവർണ്ണ സൗഹൃദ വലയം...

തൃസന്ധ്യാ നേരം കഴിഞ്ഞു, കടലിന്റെ ഭംഗി ഇത്ര കണ്ടാസ്വദിച്ചിട്ടില്ലിതുവരെ. ശാന്തമായി ഒഴുകി എത്തുന്ന ഓരോ തിരകളും അവളുടെ  കാൽപാദങ്ങളെ സ്പർശിച്ച് മുത്തം വയ്ക്കുന്നു. കുളിർ കാറ്റേറ്റ് മെല്ലെ ആ മുത്തങ്ങൾ ഏറ്റുവാങ്ങി, അവൾ നടന്നു, ആ തീരത്തിലൂടെ..  രാത്രിയുടെയാമങ്ങൾ കടന്നിരിക്കുന്നു, എന്നിരുന്നാലും നിലാവിൽ നക്ഷത്രകൂട്ടം ആകാശത്തുവജ്രകല്ലുകൾ പോലെ വിളങ്ങി നിൽക്കുന്നു.എവിടെയും വഴിയോര വെളിച്ചം കാണാം. തട്ടുകടകളും ചെറു പീടികകളും സജീവമായ് നടക്കുന്നു. സമയം ഏതാണ്ട് ഏഴു മുപ്പത് ആകുന്നു.അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു അപ്പോഴേക്കും. തിടുക്കത്തിൽ അവൾ അവിടെ നിന്നും പുറപ്പെട്ടു. ഡ്രൈവ് ചെയ്ത് ഒരു രണ്ടു കി.മി ദൂരം. അവൾ ചെടികൾ വിൽക്കുന്ന വഴിയോര കടകളുടെ അരികിലായ് കാർ നിർത്തി. അവൾ പ്രതീക്ഷിക്കുന്ന ആരോ ഒരാൾ അവിടെ എത്തിചേരുമിപ്പോൾ. പിന്നെയും ഒരു ആറു മിനിറ്റുകൾ കൂടി കഴിഞ്ഞിരിക്കുന്നു, അവളുടെ ഫോണിൽ കാൾ വരുന്നുണ്ട്, പക്ഷേ ഈ തവണ അവൾ അത് ശ്രദ്ധിച്ചതേയില്ല. അവൾ കാറിന്റെ ഡോർ തുറന്ന് ഒരു ചെറിയ കവറെടുത്തു. വീണ്ടും പ്രതീക്ഷയോടെ ആരുടേയോ വരവിനായി ഒരു കാത്തുനിൽപ്പ്‌. എതിർ ദിശയിൽ നിന്നും റോഡ് ക്രോസ്സ് ചെയ്ത് ഒരു ബൈക്...

ഓർമ്മയിൽ ഒരു മെയ്‌ മാസം...

ദിനങ്ങൾ ഏറെയുണ്ടെൻ, ജീവിതവീഥിയിൽ... തുടക്കവും ഒടുക്കവും, കുറിച്ചനാളുകൾ.. ഇല്ലിനി ഇതുപോലൊരു, മെയ്‌മാസ്സപുലർവേള... നീ ആദ്യമായി വന്നൊരാ, പുലരൊളിതന്നിൽ... ചെറുപുഞ്ചിരിയോടെ, നീ നിൽക്കവേ... അന്നും മഴയായിരുന്നു, പെരുമഴ... മഴതുള്ളികൾ നിന്നിൽ പതിക്കുന്നൂ, പവിഴ മുത്തുകൾ പോലെ.. ആദ്യമായി കണ്ടൊരാമിഴികൾക്കിത്ര, തീക്ഷണത എന്തെന്നറിയില്ല... നോക്കിനിന്നങ്ങു പോകും, നിന്നെ കണ്ണിമക്കാതെയെന്നും.... ഓരോ മൊഴിയും സ്നേഹ, സ്പർശംപോലെ... എന്റെ മനസ്സിൽ ചേക്കേറി, ഞാൻ പോലുമറിയാതെ.... പറയുവാൻ ഏറെയുണ്ടെങ്കിലും, പറഞ്ഞിടാം നിന്നോടായ് എന്നെങ്കിലും... ഈ സൗഹൃദം കൂട്ടായ് കൂടെ, മരണം വരേയ്ക്കും... അല്ല! അതിനുമപ്പുറം, എന്നും എപ്പോഴും എന്നേയ്ക്കുമായി..

ചോദ്യം? ഉത്തരം...

കത്തുന്ന പൂത്തിരിക്ക് എന്തൊരു പ്രകാശമാണ്? അതിന്റെ ഭംഗി കണ്ടുള്ളിൽ തൊട്ടാലോ, പൊള്ളുന്ന ചൂടും. അതുപോലെ തന്നെയാണ് നിന്റെ മനസ്സും. ഇഷ്ടമാണെന്ന് ആയിരംതവണ ഉരുവിട്ടാലും, ആ ഇഷ്ടത്തിന്റെ അർത്ഥം തിരയുന്ന നിന്നോട്, എനിക്ക്നിന്നോടുള്ള ഇഷ്ടം വ്യാഖ്യാനങ്ങൾക്കുമപ്പുറമാണെന്ന് എങ്ങനെ പറഞ്ഞു തരാൻ കഴിയും. അറിയില്ല, തളർന്നു പോകുമ്പോൾ കൂട്ടായ് കൂടെ നിന്നിട്ടും, എവിടെയോക്കെയോ ഞാൻ ഒറ്റപ്പെട്ടു, ഇനി നീ എന്നിൽനിന്നും അകന്നുപോകുമോ എന്നൊരു ഭയം. അതെന്നിൽ വല്ലാത്തൊരു അവസ്ഥ തന്നെയാണ്. കൂരിരുട്ടിൽ, ഒരു മിന്നാമിന്നിയോളം പോന്ന പ്രകാശം തന്നെയാണ് നീയിന്നെനിക്ക്. അതെന്റെ ജീവിതത്തിൽ ഉടനീളം പ്രകാശപൂരിതം ആവണം എന്ന് തോന്നിയത് എന്തുകൊണ്ടെന്നും ഇന്നും എനിക്കന്യമായ കാര്യം തന്നെ. വിധിയെന്ന് വെറുതെ വിളിക്കില്ല ഞാൻ, കാരണം നീ വിധിയല്ല, ഞാൻ  തിരഞ്ഞെടുത്ത എന്റെ വഴി തന്നെയാണ്.അതെന്റെ മാത്രം ശെരിയുമാണ്.

നീയെന്ന സൗഹൃദം..

മഴ മെല്ലെ തോർന്നു വരുകയാണ്. പിച്ചിയും മുല്ലയുമൊക്കെ പൂവിട്ടു നിൽക്കുന്നതു അത്യന്തം നയന മനോഹരമായ കാഴ്ച തന്നെ. ഇളം തെന്നലിന്റെ സ്പർശമേറ്റു, കൊഴിഞ്ഞു വീഴുന്ന പൂവിൻ ദളങ്ങൾ. മനസ്സിൽ ഒരു മഴപെയ്തു തോർന്നതുപോലെ, എന്തെന്നില്ലാത്ത ഒരു ആശ്വസം, നിന്നോട്കുറച്ചു നേരം സംസാരിച്ചപ്പോൾ. പ്രണയവും സ്നേഹവും ഒന്നുമല്ല, നിന്റെ സൗഹൃദം അത് തന്നെയാണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരുഘടകം. ചിലപ്പോൾ ഞാൻ വെറുതേ ചിന്തിക്കും, നിന്റെ സൗഹൃദം ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെയെന്ന്. ഒരുപക്ഷേ ഇനിയും ഒരുപാട് സങ്കടകടലിൽ തള്ളിയിടണ്ടാ എന്ന് കരുതി തന്നെയാവും വിധി നിന്നെ എന്റെ അടുത്തായ് എത്തിച്ചതും. നിന്നെ കുറിക്കുന്ന ഓർമ്മകൾ മനസ്സിന്റെ ഏതോഒരു കോണിൽ സ്വർണ്ണനൂലിനാൽ തീർത്ത ചെപ്പിൽ കരുതിവച്ചതുകൊണ്ടാവാം.അറിയില്ല, എത്ര ദൂരം നീ നടന്നകന്നാലും, എവിടേയ്ക്ക് പോയാലും അന്നു നീ തീർത്ത വഴിയേ ആണിന്നെന്റെ യാത്ര, അതും നിന്നോട് കൂടെ. ഒരിക്കലും അകലാതെ, എന്നും എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസവും. അതുതന്നെയാണ് ഇന്ന് എന്റെ ജീവിതയാഥാർഥ്യവും....

വായനയുടെ വേറിട്ടൊരു കഥ..

ഇമേജ്
പുറത്ത് മഴ തകർത്തു പെയ്യുകയാണ്. അവിടെ ജന്നാലകൾക്ക് അരികിലായ് ഒരു റാന്തൽ വെളിച്ചം, അതിലൂടെ മഴയുടെ മുത്തുകൾ വാരിവിതറുന്ന പോലെ. കണ്ണിമക്കാതെ നോക്കി നിന്നങ്ങുപോകുമാരും. അത്രയ്ക്കും അവർണ്ണനീയം തന്നെ. അതിലും വേറിട്ടൊരു കാഴ്ച്ചയാണ് അവിടെ എനിക്ക് വീണ്ടും കാണുവാൻ കഴിഞ്ഞത്.  ഒൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു  കുട്ടി. അവന്റെ കയ്യിൽ ഒരു പുസ്തകം കാണാം. കണ്ണടയൊക്കെ വച്ച് അവൻ പുസ്തകങ്ങളുടെ ലോകത്താണ്. മഴയുടെ ആർദ്രതയിൽ നിറഞ്ഞു തുളുമ്പുന്ന ഒരു ക്യാൻവാസ്സ്. ജനാലകൾക്കിരുവശത്തായ് പുസ്തകങ്ങൾ ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്നു സ്തൂപങ്ങൾ പോലെ. പിന്നെയുമുണ്ട് അവൻ ഇരിക്കുന്ന ഇരിപ്പിടം പോലും പുഷ്‌തകങ്ങളാൽ നിർമ്മിതമാണ്. മഴയുടെ മനോഹാരിത ഒന്നും തന്നെ അവനിൽ ഒരു ചലനം പോലും സൃഷ്ടിച്ചില്ല. അവൻ ആ റാന്തൽ വെളിച്ചത്തിലും വായനയിൽ തന്നെ മുഴുകി ഇരിക്കുകയാണ്. ഇന്റർനെറ്റും സ്മാർട്ട്‌ ഫോണുകളുടെയും ലോകത്തിലേയ്ക്ക് നാം വഴുതിവീഴുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗാതമകതയെ പരിപോഷിപ്പിക്കുന്ന വായന എന്ന ശീലം നാം ഏവരും മറന്നു തുടങ്ങിയിരിക്കുന്നു. വായനയുടെ നന്മകളും അതിലൂടെ അറിവും പകരാം ഈ വരും തലമുറക്കും. വ...

പിറന്നാൾ ആശംസകൾ

തിങ്കൾകല ചിരിതൂകി നിൽക്കുന്നൊരീ, ഏകദശി തന്നിലായ് ... വിടർന്നൂ ഗ്രീഷ്മ വസന്തം പാരാകെ, ഈ നവമി ദ്വാദശി ദിനമതിൽ.... ചെറു കൊഞ്ചാലോടവൾ, സ്നേഹം കൊണ്ടെഴുതിയ ഹൃദയത്തുടിപ്പിനാൽ വന്നെത്തിയീ, മെയ്‌ മാസ്സരാവതിൽ... വാനോ അമൃതവർഷം ചൊരിയുന്നു, അവളേ... എതിരെൽക്കുവാനായി... അതുകണ്ടാനന്ദഭരിതരായ്, നൃത്തചുവടുവയ്ക്കുന്നു, വാനിലേ നക്ഷത്രകൂട്ടം.. അന്നുപെയ്ത മഴയും പറഞ്ഞങ്ങുപോയി‌, ഇന്നു നീയും ഞാനും കൂട്ടായി കൂടെയുണ്ടെന്ന്... വന്നൂ വീണ്ടുമാ ദിനം ഇന്ന് ഒരിക്കൽക്കൂടി, നിന്റെ പിറന്നാളിൻ മധുരം നുണഞ്ഞിടാൻ... ആശംസകൾ നിനക്കായിരം, പിന്നെ പ്രാർത്ഥനയും നിനക്കായെന്നും...

ഇഷ്ടം

നൈർമല്യമേകുന്ന നിന്റെ,  പുഞ്ചിരി തന്നിലായ്... അറിയുന്നു നിന്നിലേ,  മൊഴികൾതൻ മാധുര്യം...  നിന്റെ  നീലിമയാർന്ന, കണ്ണിൽ വിടരുന്നു... കണ്മഷിതൻ, വിസ്മയച്ചന്തം.... എന്തൊരഴകാണ്,  നിന്റെ മുടിയിഴ തന്നിലായ് ചൂടുന്ന,  തുളസിക്കതിരിന്.... എന്തൊരുചേലാണ് ,  നിന്റെ കാലിലെ പാദസരങ്ങൾക്ക്... അതിലേറെ ഭംഗിയും,  ഒത്തിരി ഇഷ്ടവും.. നിന്റെ ഈ സൗഹൃദം..... 

ചിത്രശലഭങ്ങൾ

അമ്മക്കൊരോമൽ മുത്തായ്‌ നീ,  കൂട്ടായെന്നും കുഞ്ഞാവയായി....  പിണക്കവും ഇണക്കവും നിന്റെ ,  കുഞ്ഞിക്കുറുമ്പുകളും... കൂടെ നീയുണ്ടെന്ന ഓർമപ്പെടുത്തലാണ്... കുഞ്ഞുസ്വപ്നങ്ങൾതൻ ചിറകിലേറാൻ,  നിന്നെ പഠിപ്പിച്ച ആദ്യഗുരുവുമമ്മ... അമ്മതൻ താരാട്ടിൽ നീചാഞ്ഞുറങ്ങുമ്പോൾ,  നിറയുന്നു പാരതിൽ അമ്പിളിച്ചന്തം.... അമ്മതൻ മൊഴിയും നിന്നിലേ ചിരിയും,  നിറഞ്ഞു കളിയാടുന്നൊരീ സ്നേഹവീട്.... എന്നെന്നുമീ ചിത്രശലഭങ്ങൾതൻ പുഞ്ചിരി,  പാരതിൽ സ്നേഹവർഷംതൂകിടട്ടേ.... 

വിഷുക്കണി

കൊന്നപ്പൂക്കളും കണിവെള്ളരിയും  മധുരമൂറും മാമ്പഴക്കൂട്ടവും കോടിമുണ്ടും കദളിപ്പഴവും  ചക്കപ്പഴവും കൈതച്ചക്കയും   മുന്തിരിക്കുലയും ആപ്പിൾപഴവും  സ്വർണ്ണവും വെള്ളിയും  ഒറ്റരൂപാ നാണയത്തുട്ടും  ഒരു പറ നിറയെ കുത്തരിനെല്ലും  കെടാവിളക്കും  കുംകുമച്ചെപ്പും  ഒപ്പം കണ്ണിമയ്ക്കാതെ,   നോക്കിനിന്നങ്ങുപോകുന്ന  എന്റെ കാർവർണ്ണനാം കണ്ണന്റെ ചിത്രവും  അമ്മയും അച്ഛനും അനുജനും കൂട്ടരുമൊപ്പം  ഒത്തു നിറപ്പകിട്ടാർന്നൊരീ വിഷുക്കണി....

നീ എന്റെ പ്രതീക്ഷ..

നെയ്തെടുത്ത സ്വപ്നവും, വരച്ചെടുത്ത ചിത്രവും,  മുറിഞ്ഞു പോയ ജീവനും,  നിന്റെയെന്ന് ഞാൻ അറിഞ്ഞ ദിനം....  കേട്ടതെല്ലാം സത്യമെന്നോ,  മിഥ്യയെന്നോ.. അറിഞ്ഞിടാതെ,  ഇടറി വീണുപോയി മാനസം... ഉണർന്നു മെല്ലെ നോക്കിടുമ്പോൾ ,  ചെന്നായകൂട്ടമാണവിടെമാകെ.. ഉയർന്നു പൊങ്ങും ശബ്ദമെല്ലാം  നിന്നെ കുറിക്കുന്നതും... നേർച്ച നേരും,  പുഞ്ചിരിക്കും  രൗദ്ര താണ്ഡവം നടനമാടും... നോവു പകരും വിഷംപുരണ്ട, വാക്കിനാൽ ഏവരും.... മുറിവേറ്റ മനമുണ്ട്,  ഞാൻ കാണാത്ത നീയുണ്ട്,  നിന്നെ തലോടുവാൻ വാരിപുണരുവാൻ,  അതിലെറെ നീ,  അമ്മേയെന്നൊരു വാക്കുരിയാടുവാൻ,  ഏറെയുണ്ടെൻ അഭിലാഷം.. നിന്റെ ചിതയെന്നിൽ,  എരിഞ്ഞടങ്ങില്ല നിശ്ചയം... തളരില്ലൊരിക്കലും, എന്നെയുംനിന്നെയും,  ഉയിരോടെ ചിതയിലേക്കെന്നു,  കരുതുന്നവർക്കൊരു മറുവാക്യമായി  ഞാനിവിടെ,   നീ വരുമെന്ന പ്രതീക്ഷയിൽ... 

അരുന്ധതി

പുലരിയോ വന്നെത്തി പ്രതീക്ഷയോടെ,  കാത്തിരിക്കുന്നു നിന്നെ ഒരു നോക്ക് കാണുവാൻ.. ഒരു ചെറു കൊഞ്ചലിൻ കൊലുസിട്ടനാദം,  അലയടിക്കുന്നൊരീ സായാഹ്ന വേളയിൽ... വന്നെത്തി നീയോ തിരുവോണ നാളിൽ,  അമ്മതൻ മടിത്തട്ടിലായ്... ഓമൽ കുരുന്നിൻ നറുപുഞ്ചിരി തന്നിലായ്,  മകരവെയിലോ മാഞ്ഞങ്ങു പോകവേ... ആയിരം സൂര്യ രശ്മിതൻ ജ്യോതിയിൽ ,    അരുണോദയത്തിന്റെ നവനീതഭാവമായി...  നിന്റെ കാൽവെയ്പ്പുകൾക്ക് എന്നെന്നും,  കാവലുണ്ടെന്ന് ചൊല്ലുന്നൊരച്ചന്റെ താരാട്ടും... നിന്നെ നീയാക്കി,  മാറ്റുന്നൊരമ്മതൻ സ്നേഹവും... നിലാവിന്റെ നെറുകയിൽ ചാർത്തുന്ന,  ചന്ദ്രകല പോലെ ശോഭിതം...  നീ ഏവർക്കും പാരിതിൽ,  നക്ഷത്ര കണ്ണുള്ള രാജകുമാരി..    

പ്രകൃതി

മഞ്ഞുതുള്ളികൾ പതിയേ,  കൺതുറക്കുന്നു രാവതിൽ... പുലർകാലവേളയിൽ വിടരുന്നു,  പനിനീർ പൂവുകൾ.. പൊഴിയുന്നു ചെറുമഴയിലും,  ഈ കാട്ടുമുല്ലകൾ.. കുഞ്ഞിളം കാറ്റിൽ ഉലയുന്നു,  കടവിലെ തോണിയും... മുളം തണ്ടിന്റെ താളലയമതിൽ, ഒഴുകുന്നു പതിയേ..  കളകളാരവം മുഴക്കുമരുവിയും,  ഒക്കെയും ഇഴചേർന്നു നിൽക്കുന്നു,  ഈ പ്രകൃതി ധന്യമായ്......

മൗനരാഗം

ഒരു മൗനരാഗമതെന്നുമെന്നിൽ,  നിന്നെ കുറിക്കുന്നൊരോർമ്മയായി.. നീ വരുംനാളിനി ഏറെദൂരം,  പറയാതെ പറയുന്നൊരിഷ്ടമെന്നും.. തിരിനാളമെന്നോളാമെൻ ജീവിതം,  നിനക്കഴലായി മാറുന്നൊരീ ജന്മവും... അകലാതെ അകലുന്നു നീ തനിയേ, എന്നെ നിനക്കാതെ നീയും അകലുന്നുവോ.. നീ മറഞ്ഞെങ്ങുപോയ്  പൊൻതാരകമേ,  ഈ പുലരിതൻ പൊൻകതിർ വേളയിൽ.. നിനച്ചു ഞാൻ നിന്നെ ഈ ജന്മവും,  ഇനി നിഴലായ് കൂട്ടായ്  വരുംജന്മവും... 

നീർമാതള പൂക്കൾ

ഇന്ന് പെയ്യ്ത മഴയിൽ നിന്മനം,  ഈ അടർന്നുവീണ പൂവിൻ ദളങ്ങൾപോലെ...  വിടർന്നു വെറുതേ കൊഴിഞ്ഞിടാനായ് എന്നപോലെ,  തുടങ്ങും മുൻപേ ഒടുങ്ങുവാനായ് ഒരു  ജീവിതം... നിനച്ചിരുന്ന്  മുറിവേറ്റുപോയോരു, മനസ്സുപാടെ തളർന്നുപോയി...  വിധിയെന്ന് ചൊല്ലും മുന്പേ,   അവൻ മറഞ്ഞു പോയോരു നാൾ.... അന്നു തൊട്ടേ ഏകയാണവൾ,   ഇന്നുമതുതന്നെ തുടരവേ... ഈറനണിയും കണ്ണുകളിൽ,   ഉതിരുന്നു രക്തകണങ്ങളും.. ഒടുവിലവൾ പുഞ്ചിരിച്ചു,  എന്റെ മുറ്റത്തേ നീർമാതള പൂക്കളായ് ....

ഒന്നും പറയാതെ...

അന്നു ചോദിക്കുവാൻ ഞാനെന്തേ മറന്നുപോയി,  നീയെന്റെ ആരെന്ന്?  ഞാൻ നിനക്കെന്തെന്ന്?  മറഞ്ഞുപോകുന്ന അസ്തമയ സന്ധ്യയും,  ഇരുൾമൂടുന്നൊരീ വാനവും സാക്ഷിയായ്   കണ്ണീരിനാൽ പെയ്യ്തിറങ്ങുന്ന ഈ തോരാ മഴയിലും,  അന്നുമിന്നും ഏകയായി അറിയുവാനാവോളം കാത്തുനിൽക്കുന്ന ഞാനിവിടെ... മറന്നുപോയ മൊഴികൾ പോലെ  പകർന്നെടുത്തൊരീ പുഞ്ചിരി നിന്നിലായ്...  ഒടുവിലീ മരണവും എന്നെ തേടിയെത്തുമ്പോൾ.. നിന്റെ മറുവാക്കിനായി കാത്തുനിൽക്കാതെ,  നിന്നെ എവിടെയൊക്കെയോ പരതിക്കുഴഞ്ഞു,  എന്നേയ്ക്കുമായ്...  അണയുന്നു ഒരു തിരി നാളമായി  എന്റെയീ കണ്ണുകൾ...   

ആദ്യം...

കടൽ കാറ്റിന്റെ സ്പന്ദനം തന്നിലായി,  ചാഞ്ഞങ്ങുറങ്ങുന്ന  കുങ്കുമസന്ധ്യയും..  കുഞ്ഞിളം പാദസരത്തിന്റെ താളലയത്തിൽ,   ചിഞ്ചിലം നൃത്യമാടുന്ന തിരകൾ തൻ കൂട്ടവും.. എന്തു ചന്ദമാണീ കാഴ്ച കണ്ണിന്..  അതിലേറെ കൗതുകം നിന്റെ ഈ കുഞ്ഞുകൈകളെ ചേർത്തു പിടിക്കുന്നൊരച്ഛനെ കാണുമ്പോൾ.. നീ ചെയ്ത പുണ്യം അതല്ലാതെ,  മറ്റെന്തു പറയുവാൻ.. ഈ അസ്തമയ സന്ധ്യയും തീരവും കടലമ്മയും പിന്നെ ഈ കടൽകാറ്റും സാക്ഷി... നിന്റെയീ ആദ്യ കുഞ്ഞുകാൽവെയ്പ്പുകൾക്ക്..   

നിധി....

ആരും ഇല്ലല്ലോ!  എന്ന് ഒന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേയ്ക്കും എത്തിടും, എവിടെ നിന്നോയെന്തൊ. ഈശ്വരന് മാത്രം അറിയാം ഇത് എങ്ങനെ എന്ന്.  കൂടെപിറന്നില്ലേലും കൂടെപ്പിറപ്പായിതന്നെ നിലകൊള്ളുന്ന ഒരാൾ എങ്കിലും ഉണ്ടാകും നമ്മുക്കേവർക്കും.  അതുപോലെ, കൂടെപിറക്കാതെ തന്നെ എന്റെ കൂടെപ്പിറപ്പായി മാറിയ ഒരു ചങ്ങാതിയാണെന്നേ നിധി. തല്ലുകൂടാനും,  വഴക്കുപിടിക്കാനും,  പിന്നെ സങ്കടങ്ങൾ പങ്കിടാനും,  പിന്നെ എന്റെ തല്ലുകൊള്ളിത്തരങ്ങൾക്കൊക്കെ കൂട്ടുനിൽക്കാനും,  എത്ര ദേഷ്യം പ്രകടമാക്കിയാലും അതിനെയൊക്ക നിസാരമായി കണ്ട് വീണ്ടും വീണ്ടും കൂട്ട് കൂടാൻ വരുന്ന ഒരാൾ. എത്ര തന്നെ നീരസം തോന്നുംവിധം ഞാൻ സംസാരിച്ചാലും, തിരികെ സ്നേഹത്തോടെ അല്ലാതെ ഒരു ഒരുവാക്കുപോലും എന്നോട് പറഞ്ഞിട്ടില്ല ഇതുവരെ. ഒരുപക്ഷെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തും എന്ന് മുന്നേ കണ്ട ഈശ്വരൻ തന്നെയാകും നിധിയെ എന്റെ അരികിൽ എത്തിച്ചത്. നീ നൽകുന്ന സ്നേഹത്തിന്,  നിനക്ക് എന്നോടുള്ള കരുതലിന് ഞാൻ എന്നും നിന്നോട് കടപപ്പെട്ടിരിക്കും. അറിയില്ല,  നീ എനിക്ക് ഏതു ജന്മത്തിന്റെ പുണ്യമെന്ന്. വഴിയറിയാതെ ഞാൻ ജീവിതത്തിന്റെ  മുന്നിൽ പകച...

യാത്രമൊഴി....

ധനുമാസമഴയതിൽ നനയവേതനിയെ ഞാൻ കണ്ടു മിന്നൽ പിണരിനാൽ,  നിശീഥിനി തന്നിലായ് പുൽകുന്നആർദ്രമീ തെന്നലെൻ,  കൊച്ചു പൂന്തോട്ടത്തെ മെല്ലെ തലോടവേ...  മുറ്റത്തെ പിച്ചിയും പനിനീർദളങ്ങളും  അടർന്നങ്ങു വീണുപോയി... ഇനിയൊരു കാഴ്ച്ചക്കിടം നൽകിടാതെ ഒടുവിലീമഴ തോരാതെ തോർന്നപ്പോൾ,  രാത്രിമാഞ്ഞു... രാവേറെ പുലർന്നു... ഒടുവിലാകാഴ്ച കാണുവാൻ വന്നവർ,   വന്നവർ എങ്ങോ മടങ്ങുന്നു കണ്ണുകലങ്ങിയും ഉള്ളിൽവിതുമ്പിയും   ഉറ്റവർ എൻ ചങ്ങായി കൂട്ടം,   എന്നെ തനിച്ചാക്കി യാത്ര ചോദിക്കുന്നു... ഒക്കെയും വീക്ഷിച്ചു,   ഒന്നും പറയുവാൻ ആകാതെ  നിശ്ചലം ഉറങ്ങുന്നു ഞാനീ..  പൂന്തോപ്പിൽ ഏകയായ്.... 

ഒരു വാക്ക് ....

ഏറെ നാളായി നിന്റെയീ വരവിനായി കാത്തിരിക്കുന്നു ഞാൻ...  ഹേ! മരണമേ...,  നീ ഇത്തിരി നേരത്തേയ്ക്കൊന്നു വഴിമാറി നിൽക്കുമോ?  ഒരുവാക്കകലെ അവനുണ്ട്  വൈകി വന്നതെങ്കിലും, ഈ സൗഹൃദം  ഒരു സാന്ത്വനം തന്നെ എന്നിൽ..  ഒന്നു ചോദിക്കണം എനിക്ക് അവനോടായ്...  ഏറെ നാളത്തെ അഭിലാഷമാണത്,  അവനിൽ ഞാനുണ്ടാകുമോയെന്ന്  ഒടുവിലീ മരണം വരേയ്ക്കും....  അറിയില്ല,  ഉത്തരമതെങ്കിലും നിനയ്ക്കണം അവൻ അറിയാതെയെങ്കിലും  ഇനിയെന്നും... എന്നേയ്ക്കും..., കൂട്ടായ് കൂടെ ഉണ്ടെന്ന് ....