കിച്ചു എന്ന കൃഷ്ണജ..

ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഓണം ആയതുകൊണ്ട് പതിവിലും തിരക്കുണ്ട് ബീച്ചിൽ.ഓണപ്പാട്ടുകളും ആഘോഷത്തിന്റെ ആരവങ്ങളും വളരെ ഉച്ചത്തിൽ തന്നെ കേൾക്കാം.ആകെ സംഗീതമയമാർന്ന ഒരു നിശ. 

നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വിണ്ണും അതിൽ നിറയെ നക്ഷത്ര കുഞ്ഞുങ്ങളും.കടൽ തീരം കാണാൻ ഒരുപാട് ആൾക്കാർ എത്തിയിട്ടുണ്ട്. അവിടെ എന്റെ കണ്ണുകളിൽ ഇടം നേടിയകാഴ്ച്ചമറ്റൊന്നായിരുന്നു.

കണ്ടാൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കി. 
തീരത്ത് നിന്നും ചിപ്പികളും പെറുക്കി നടക്കുന്നു. അവളുടെ മറുകൈയ്യിലോ നൈട്രജൻ ബലൂണുകളും, അതവളുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി ഇരുന്നു കാറ്റിനൊത്ത് താളം പിടിക്കുന്നു.

പിന്നെയെപ്പോഴോ അവളുടെ ബലൂണുകൾ കൈവിട്ടുപോയപ്പോൾ ആ കുരുന്നു കണ്ണുകൾ അറിയാതെ എന്നിൽ പതിഞ്ഞു. അവളുടെ കണ്ണുകളിലെ ആ തീക്ഷണമായ ദുഃഖം എന്നെ വല്ലാതെ അലട്ടി. അറിയില്ല എന്തുകൊണ്ടെന്ന്. കുറച്ച് അകലെ നിന്നും ആ കുരുന്നിനെ നോക്കി ആരോ വിളിക്കുന്നു കൃഷ്ണജേ, കിച്ചൂ നീയിങ്ങു വരൂന്ന്.

അവൾ അതൊന്നും ശ്രദ്ധിക്കാതെ തിരകളേ തഴുകിതലോടി. അവളുടെ കുഞ്ഞു കാലുകളെ ഉമ്മവച്ച് തിരകൾ ഒന്നൊന്നായി കടന്നുപോകുന്നു. തിരകൾ മത്സരിക്കുവാണോ അവളുടെ കാലുകളെ ചുംബിക്കാൻ എന്ന് തോന്നിപോകും അവയുടെ വരവുകണ്ടാൽ. അവളുടെ കുഞ്ഞു മുടിയിഴകളെ തഴുകി തലോടി കാറ്റും മെല്ലെ തെന്നി മാറുന്നു. തിരകളുടെ ഇരമ്പലിലും കേൾക്കാം അവളുടെ കാലിലെ പാദസരങ്ങൾ കിലുങ്ങുന്നത്. 

പിന്നെ എപ്പോഴോ അവൾ എന്റെ കൺവെട്ടത്തുനിന്ന് അവളുടെ കുടുംബത്തിന്റെ ആരുകിലേക്ക് ഓടി മാറി. ആദ്യമായി കാണുന്ന ഒരു കുഞ്ഞ്. പൂമ്പാറ്റയെ പോലെ പാറി നടക്കുന്നു. പക്ഷേ അവളുടെ കണ്ണുകളിലെ കദനം എന്റെ മനസ്സിൽ നിന്നും മായുന്നത് ആയിരുന്നില്ല. അവളിൽ സന്തോഷം ഉണ്ടെങ്കിലും സങ്കടത്തിന്റെ കണങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.

അവളെക്കുറിച്ച് ഞാൻ ആരോട് ചോദിക്കും. ഞാൻ അവളുടെ കുടുംബത്തിന്റെ അരികിലേക്ക് നീങ്ങി. അതിൽ ഒന്ന് രണ്ടാളുകൾ എനിക്ക് പരിചിതരാണ്. പക്ഷേ ഒന്നും കയറി ചോദിക്കാൻ ഉള്ള ബന്ധങ്ങൾ ഒന്നും തന്നെ ഇല്ലതാനും.

ആ കുഞ്ഞു പൂമ്പാറ്റ, കടലിന്റെ ഭംഗി ആസ്വദിച്ചു നടക്കുമ്പോഴും ഇടയ്ക്കവൾ അമ്മയോട് ചോദിക്കുന്നുമുണ്ട് കുഞ്ഞുവാവയ്ക്കും അമ്മയുടെ വയറ്റിനുള്ളിൽ ഇരുന്നു ഇതെല്ലാം കാണാൻ പറ്റുമോ എന്ന്. ഉത്തരം ഒന്നും പറയാതെയും കിച്ചുവിന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ ആ സ്ത്രീ കുഞ്ഞിനെ തന്നിൽ നിന്നും അകറ്റി നിർത്തിയ കാഴ്ച്ച എന്നെ വളരെയേറെ വേദനിപ്പിച്ചു.ഞാൻ അവിടെ നിന്നും തിരികെ വിഷമത്തോടെ വീട്ടിലേക്ക് തിരിച്ചു.

നേരം പുലർന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തു ഒട്ടും ഉറങ്ങാൻ പറ്റിയിട്ടില്ല എനിക്ക്. എന്നിരുന്നാലും ഞാൻ രാവിലെ തന്നെ ആ കുഞ്ഞിനെപ്പറ്റിയും അവളുടെ അമ്മയെപറ്റിയും ഒക്കെ അന്വേഷിച്ചു. കാരണങ്ങൾ കുടുംബപ്രശ്നങ്ങൾ എല്ലാം സർവസാധാരണം. പക്ഷേ ബലിയാട് ആയതൊ ആ കുഞ്ഞുമനസ്സും.

അറിയില്ല എനിക്ക് എന്ത്‌ എഴുതണം എന്ന്. പറയാൻ വാക്കുകളും ഇല്ല. അവളെ സർവേശ്വരൻ എനിക്കു തന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചുപോയി. മനസ്സറിഞ്ഞു സ്നേഹിക്കാൻ ഒരു കുഞ്ഞുണ്ടാവുക എന്നത് എത്ര വല്യ കാര്യമാണ്. അത് ഉണ്ടായിട്ടു പോലും മനസ്സിലാക്കാതെ കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കുന്ന  മാതാപിതാക്കളോട് ഒരു വാക്ക് മാത്രം. നിങ്ങൾക്ക് സ്നേഹിക്കാൻ അറിയില്ലെങ്കിൽ ജന്മം നൽകാതിരിക്കുക.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...