പോസ്റ്റുകള്‍

ഇഷ്ടം

നൈർമല്യമേകുന്ന നിന്റെ,  പുഞ്ചിരി തന്നിലായ്... അറിയുന്നു നിന്നിലേ,  മൊഴികൾതൻ മാധുര്യം...  നിന്റെ  നീലിമയാർന്ന, കണ്ണിൽ വിടരുന്നു... കണ്മഷിതൻ, വിസ്മയച്ചന്തം.... എന്തൊരഴകാണ്,  നിന്റെ മുടിയിഴ തന്നിലായ് ചൂടുന്ന,  തുളസിക്കതിരിന്.... എന്തൊരുചേലാണ് ,  നിന്റെ കാലിലെ പാദസരങ്ങൾക്ക്... അതിലേറെ ഭംഗിയും,  ഒത്തിരി ഇഷ്ടവും.. നിന്റെ ഈ സൗഹൃദം..... 

ചിത്രശലഭങ്ങൾ

അമ്മക്കൊരോമൽ മുത്തായ്‌ നീ,  കൂട്ടായെന്നും കുഞ്ഞാവയായി....  പിണക്കവും ഇണക്കവും നിന്റെ ,  കുഞ്ഞിക്കുറുമ്പുകളും... കൂടെ നീയുണ്ടെന്ന ഓർമപ്പെടുത്തലാണ്... കുഞ്ഞുസ്വപ്നങ്ങൾതൻ ചിറകിലേറാൻ,  നിന്നെ പഠിപ്പിച്ച ആദ്യഗുരുവുമമ്മ... അമ്മതൻ താരാട്ടിൽ നീചാഞ്ഞുറങ്ങുമ്പോൾ,  നിറയുന്നു പാരതിൽ അമ്പിളിച്ചന്തം.... അമ്മതൻ മൊഴിയും നിന്നിലേ ചിരിയും,  നിറഞ്ഞു കളിയാടുന്നൊരീ സ്നേഹവീട്.... എന്നെന്നുമീ ചിത്രശലഭങ്ങൾതൻ പുഞ്ചിരി,  പാരതിൽ സ്നേഹവർഷംതൂകിടട്ടേ.... 

വിഷുക്കണി

കൊന്നപ്പൂക്കളും കണിവെള്ളരിയും  മധുരമൂറും മാമ്പഴക്കൂട്ടവും കോടിമുണ്ടും കദളിപ്പഴവും  ചക്കപ്പഴവും കൈതച്ചക്കയും   മുന്തിരിക്കുലയും ആപ്പിൾപഴവും  സ്വർണ്ണവും വെള്ളിയും  ഒറ്റരൂപാ നാണയത്തുട്ടും  ഒരു പറ നിറയെ കുത്തരിനെല്ലും  കെടാവിളക്കും  കുംകുമച്ചെപ്പും  ഒപ്പം കണ്ണിമയ്ക്കാതെ,   നോക്കിനിന്നങ്ങുപോകുന്ന  എന്റെ കാർവർണ്ണനാം കണ്ണന്റെ ചിത്രവും  അമ്മയും അച്ഛനും അനുജനും കൂട്ടരുമൊപ്പം  ഒത്തു നിറപ്പകിട്ടാർന്നൊരീ വിഷുക്കണി....

നീ എന്റെ പ്രതീക്ഷ..

നെയ്തെടുത്ത സ്വപ്നവും, വരച്ചെടുത്ത ചിത്രവും,  മുറിഞ്ഞു പോയ ജീവനും,  നിന്റെയെന്ന് ഞാൻ അറിഞ്ഞ ദിനം....  കേട്ടതെല്ലാം സത്യമെന്നോ,  മിഥ്യയെന്നോ.. അറിഞ്ഞിടാതെ,  ഇടറി വീണുപോയി മാനസം... ഉണർന്നു മെല്ലെ നോക്കിടുമ്പോൾ ,  ചെന്നായകൂട്ടമാണവിടെമാകെ.. ഉയർന്നു പൊങ്ങും ശബ്ദമെല്ലാം  നിന്നെ കുറിക്കുന്നതും... നേർച്ച നേരും,  പുഞ്ചിരിക്കും  രൗദ്ര താണ്ഡവം നടനമാടും... നോവു പകരും വിഷംപുരണ്ട, വാക്കിനാൽ ഏവരും.... മുറിവേറ്റ മനമുണ്ട്,  ഞാൻ കാണാത്ത നീയുണ്ട്,  നിന്നെ തലോടുവാൻ വാരിപുണരുവാൻ,  അതിലെറെ നീ,  അമ്മേയെന്നൊരു വാക്കുരിയാടുവാൻ,  ഏറെയുണ്ടെൻ അഭിലാഷം.. നിന്റെ ചിതയെന്നിൽ,  എരിഞ്ഞടങ്ങില്ല നിശ്ചയം... തളരില്ലൊരിക്കലും, എന്നെയുംനിന്നെയും,  ഉയിരോടെ ചിതയിലേക്കെന്നു,  കരുതുന്നവർക്കൊരു മറുവാക്യമായി  ഞാനിവിടെ,   നീ വരുമെന്ന പ്രതീക്ഷയിൽ... 

അരുന്ധതി

പുലരിയോ വന്നെത്തി പ്രതീക്ഷയോടെ,  കാത്തിരിക്കുന്നു നിന്നെ ഒരു നോക്ക് കാണുവാൻ.. ഒരു ചെറു കൊഞ്ചലിൻ കൊലുസിട്ടനാദം,  അലയടിക്കുന്നൊരീ സായാഹ്ന വേളയിൽ... വന്നെത്തി നീയോ തിരുവോണ നാളിൽ,  അമ്മതൻ മടിത്തട്ടിലായ്... ഓമൽ കുരുന്നിൻ നറുപുഞ്ചിരി തന്നിലായ്,  മകരവെയിലോ മാഞ്ഞങ്ങു പോകവേ... ആയിരം സൂര്യ രശ്മിതൻ ജ്യോതിയിൽ ,    അരുണോദയത്തിന്റെ നവനീതഭാവമായി...  നിന്റെ കാൽവെയ്പ്പുകൾക്ക് എന്നെന്നും,  കാവലുണ്ടെന്ന് ചൊല്ലുന്നൊരച്ചന്റെ താരാട്ടും... നിന്നെ നീയാക്കി,  മാറ്റുന്നൊരമ്മതൻ സ്നേഹവും... നിലാവിന്റെ നെറുകയിൽ ചാർത്തുന്ന,  ചന്ദ്രകല പോലെ ശോഭിതം...  നീ ഏവർക്കും പാരിതിൽ,  നക്ഷത്ര കണ്ണുള്ള രാജകുമാരി..