കായലും കടലും പിന്നെ ഭഗവതിയും
നക്ഷത്രങ്ങൾ കൺ ചിമ്മി ചിമ്മി നിന്നെ തന്നെ നോക്കി നിൽക്കുന്നു. പൂനിലാവൊളി നിന്നിൽ വാരി വിതറി വാനിലായ് അമ്പിളി ചിരിതൂകി നിൽക്കുന്നു. ഇത്രയൊക്കെ ആയിട്ടും നീ മാത്രം എന്തേ ഇങ്ങനെ അലസമായി ഒഴുകുന്നു.
കടവിൽ എവിടേയും ജങ്കാർ കാണുന്നില്ല. ഇന്ന് എന്ത് പറ്റി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ തിരു നാമങ്ങൾ എന്റെ കർണ്ണങ്ങളിൽ പതിഞ്ഞു. നേരം ഏറെ ആകുന്നു. അത് വഴി വന്ന ഒരു കടത്തുവള്ളം എന്നെ അക്കരയിൽ എത്തിച്ചു.ഞാൻ കടത്തിറങ്ങി വേഗം ആ തിരു മുറ്റത്തേക്ക് വേഗം നടന്നു തുടങ്ങി.സമയം ഏഴര മണി ആകുന്നു.
ആ ദിവ്യ ചൈതന്യത്തിലേക്ക് നടന്ന് അടുക്കുമ്പോൾ ആ നേരം വരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആധികൾ ഒക്കെ വിട്ടൊഴിഞ്ഞു മനസ്സ് ഏറെ ശാന്തമായി. കടൽ കാറ്റിൽ ആ തിരുമുറ്റത്തെ ആലിൻ ശിഖരങ്ങൾ മണിനാദം കൊണ്ട് മുഖരിതമായി.
അമ്മയുടെ തിരു സന്നിധിയിൽ എത്തിയതും എത്ര കണ്ടാലും മതിവരാത്ത ചിരിതൂകി നിൽക്കുന്ന രൂപം മനസ്സിൽ മായാതെ ഇടം പിടിച്ചിരിക്കുന്നു. എത്ര കഠിന പരീക്ഷണങ്ങളേയും തരണം ചെയ്യാൻ ഉള്ള ഊർജ്ജം അവിടെ അഭയം തേടി എത്തുന്നവർക്കെല്ലാം അമ്മ നൽകുന്നു. ഭക്തരുടെ മനസ്സൊന്നു വിങ്ങിയാൽ അത് കണ്ടറിഞ്ഞു ചേർത്തു പിടിക്കുന്ന കാട്ടിൽ മേക്കതിൽ ഭഗവതിയുടെ സന്നിധി.
തൊഴുത് മടങ്ങുമ്പോഴും ആ തിരു സന്നിധിയിൽ നിന്ന് തിരികെ വരാൻ മനസ്സില്ലാതെ ഞാൻ കടലിന്റെ അരികിലേക്ക് നീങ്ങി. കായലും കടലും ശാന്തം. ആകാശം ആകെ വജ്രം പതിച്ചപോലെ നക്ഷത്രങ്ങൾ പിന്നെ നിലാവും. ആ നിലാ വെളിച്ചത്തിൽ ഞാനും ഇരുന്നു ഇത്തിരി നേരം ആ കടലിന്റെ തീരത്ത് മനസ്സ് നിറയേ അമ്മയുടെ രൂപവുമായ് കാതിൽ മുഴങ്ങുന്നു മണി നാദങ്ങളുടെ സംഗീതവും കേട്ട്.
Nice.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ചേച്ചി 💖
മറുപടിഇല്ലാതാക്കൂGood one👏🏻👏🏻
മറുപടിഇല്ലാതാക്കൂ