ചിത്രശലഭം
ഇന്നിപ്പോ ഞാൻ തിരികെ തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി. ഇന്ന് വിഷു ആയതിനാൽ അത്ര തിരക്കൊന്നും ഇല്ല. ഏറനാട് എക്സ്പ്രസിൽ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്രയിൽ ഒരുപാട് കാഴ്ചകൾ കണ്ട് അങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരിക്കുന്നു.
തീവണ്ടി ഷോർണ്ണൂർ സ്റ്റേഷനിൽ എത്തി. ഷൊർണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ കൂടെ തലശ്ശേരി സേക്രെട്ഹാർട്ട് സ്കൂളിൽ പഠിച്ചിരുന്ന ദർശിതയെയാണ്. പഠിക്കാൻ മിടുക്കി അവൾ ഏഴിൽ പഠിക്കുമ്പോൾ അവളുടെ അമ്മയുടെ മരണം. ഒരു നടുക്കം ആയിരുന്നു ആ വാർത്ത ഞങ്ങൾക്ക് എല്ലാർക്കും പിന്നീട് അറിയാൻ കഴിഞ്ഞു അവളുടെ അമ്മ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു എന്ന്. ഒരിക്കൽ പോലും അവൾ ഞങ്ങളോട് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.പിന്നീട് അനുജത്തി മാരും അച്ഛനും മാത്രം ഒതുങ്ങുന്ന കുടുംബം.
ഞാൻ എട്ടിലേക്ക് ആയപ്പോഴേക്കും അച്ഛന് തലശ്ശേരി നിന്നും എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി. അങ്ങനെ ഞങ്ങൾ തലശ്ശേരി നിന്നും അച്ഛന്റെയും അമ്മയുടെയും നാടായ കൊല്ലത്തേക്ക് തിരികെ എത്തി വീട് വച്ചു താമസം തുടങ്ങി.അച്ഛൻ ആഴ്ചയിൽ വീട്ടിൽ വന്നു പോകും എറണാകുളത്തു നിന്നും. അങ്ങനെ തലശ്ശേരിയുമായിട്ടുള്ള എന്റെ സൗഹൃദങ്ങൾ എല്ലാം മുറിഞ്ഞു പോയി.
നാല് മാസങ്ങൾക്കു മുന്നേ ദർശിതയെ കോഴിക്കോട് ഒരു ഫഗ്ഷനിൽ വച്ച് കാണാൻ ഇടയായി.അവൾ ഷൊർണ്ണൂരിൽ ഒരു കോളേജിൽ അദ്ധ്യാപികയായ് ജോലി ചെയ്തു വരുന്നു എന്ന് അവിടെ നിന്ന ആരോ പറയുന്നത് കേട്ടതാണ്. എന്റെ അന്നത്തെ രൂപത്തിൽ നിന്ന് ഒരുപാട് മാറി പോയത് കൊണ്ടാകാം അവൾക്കെന്നെ മനസ്സിലാകാതെ പോയത് എന്ന് തോനുന്നു. എന്നാലും ഞാൻ സംസാരിക്കാൻ ചെന്നപ്പോൾ ഒർമ്മ ഇല്ലെന്ന ഭാവം. അറിയില്ല അവൾ അങ്ങനെ ചെയ്തത് എന്തുകൊണ്ടെന്ന്. കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും അവരെ തനിച്ചാക്കി അച്ഛനും യാത്രയായ് എന്ന് അറിയാൻ കഴിഞ്ഞു.
എന്റെ ഓർമ്മയിൽ ഉള്ള ദർശിത
എപ്പോഴും വാ തോരാതെ ഉള്ള സംസാരം പിന്നെ
അവളുടെ ചിരി കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. ഇപ്പോഴും ആ ഗുണങ്ങൾക്ക് ഒന്നും ഒരു മാറ്റവും ഇല്ല. പക്ഷേ ഇപ്പോഴുത്തെ ദർശിതക്ക് ലോകത്തുള്ള എല്ലാരും ഫ്രണ്ട്സ് ആണ് ഈ ഞാൻ ഒഴികെ. ആരെ കണ്ടാലും ചങ്ങാതി ആകുന്ന ആ കുട്ടിക്ക് ഇന്നെന്ത്കൊണ്ട് പഴയ സൗഹൃദങ്ങൾ ഒരു നീർകുമിള ആയി പോലും ഓർമ്മ കിട്ടുന്നില്ല. പുതിയ സൗഹൃദങ്ങൾ വരുമ്പോൾ പഴയതിനു നിറങ്ങൾ പോരാഞ്ഞിട്ടോ. അതും അറിയില്ല.
എനിക്ക് സ്വന്തം എന്ന് പറയാൻ ഉള്ളവരോടൊക്കെ അവൾ സൗഹൃദം കൂടി. ഞാൻ ഒഴികെ. ആദ്യം എനിക്കും സങ്കടവും ദേഷ്യവും തോന്നി. പിന്നീട് ചിന്തിച്ചപ്പോൾ എനിക്ക് തോന്നി കാലങ്ങൾ മാറുമ്പോൾ സൗഹൃദങ്ങൾക്കും മാറ്റം വരുമായിരിക്കും. അറിയില്ല ഇത് എന്ത് ലോകമെന്ന്.
ഞാൻ ഇരിക്കുന്ന ജനാലകൾക്ക് അരികിലായ് ഒരു വെള്ളചിത്രശലഭം. വെള്ള നിറം എപ്പോഴും സമാധാനത്തിന്റെ പ്രതീകം ആണല്ലോ. അത് മെല്ലെ മെല്ലെ അടുത്ത് വന്ന്, നോക്കി ഇരിക്കെ അകലങ്ങളിലേക്ക് പറന്ന് അകലുന്നു. ഒരു യാത്ര പോലും പറയാതെ ദർശിതയെ പോലെ. ഷൊർണ്ണൂരിൽ നിന്നും തീവണ്ടിയും നീങ്ങി തുടങ്ങി അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക്...
നന്നായിട്ടുണ്ട്.. ❤️
മറുപടിഇല്ലാതാക്കൂ💖
മറുപടിഇല്ലാതാക്കൂ