കണ്ണന്റെ മീര...

കവലയിലെ ആൽമരത്തിന്റെ അടുത്താണ് ബസ്സ്റ്റോപ്പ്‌. എന്നും ആ വഴി ഒരു കൊച്ചുപെൺകുട്ടി അവളുടെ അച്ഛനോടൊപ്പം ആൽമരച്ചുവട്ടിൽ എത്തും.ഒരു സഞ്ചിയും തൂക്കി കൈകൾ നിറയെ കുപ്പിവളകൾ അണിഞ്ഞു കാലിൽ കിലുകിലെ ശബ്‌ദിക്കുന്ന കൊലുസുകളും ഇട്ട് വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്. സഞ്ചിയിൽ നിന്നും കുറേ മൺപ്രതിമകൾ നിരത്തിവയ്ക്കും ആലിൻ ചുവട്ടിൽ. അവളുടെ പേരോ നാടോ ഒന്നും അറിയില്ല. എല്ലാരും നാടോടികൾ എന്ന് വിളിക്കുന്നത് കേൾക്കാം.

ഇന്നവൾ നീലപ്പട്ടുടുത്ത് കണ്ണെഴുതി പൊട്ടും വച്ച് കാർമുകിൽ ചുരുളുപോലുള്ള മുടിയിൽ ചെണ്ടുമല്ലിപ്പൂക്കൾ ചൂടി കാതിൽ കമ്മലും കഴുത്തിൽ മാലയും ചേലോടെ കൊഞ്ചുന്ന വളകൾ അണിഞാണ് വരവ്. ഇന്നവളുടെ അച്ഛന്റെ കൈയ്യിൽ ആണ് സഞ്ചി. എന്നും വരുന്നത് പോലെ അല്ല. നല്ല ഭാരം ഉണ്ട് അത് കണ്ടാൽ തന്നെ നമ്മുക്ക് മനസ്സിലാകും.

പതിവുപോലെ സഞ്ചിയിൽ നിന്നും പ്രതിമകൾ ഓരോന്നായി എടുത്ത് വച്ചു തുടങ്ങി. ഇന്ന് കുറേ ഏറെ  പലവർണ്ണങ്ങൾ നിറഞ്ഞ പ്രതിമകളാണ്. എല്ലാവരും പുതിയ വർണ്ണങ്ങൾ കണ്ട് കൂട്ടം കൂടി ചെല്ലുവാൻ തുടങ്ങി, കൂട്ടത്തിൽ ഞാനും. പലരും പല വർണ്ണ പ്രതിമകളും വാങ്ങി.എന്നാൽ എന്റെ കണ്ണുകൾ തടഞ്ഞത് ആ കൊച്ചു പെൺകുട്ടിയുടെ കൈയ്യിൽ ഇരുന്ന കണ്ണന്റെ പ്രതിമയിൽ ആണ്. വില എത്ര എന്ന് ചോദിക്കുന്നതിനു മുന്നേ  ചേച്ചിക്ക് ഇത് വേണോ അച്ഛൻ ഗുരുവായൂരിൽ നിന്നും വരുത്തിയതാണ് എന്ന് പറഞ്ഞ് ഒരു ചെറു പുഞ്ചിരിയോടെ കണ്ണനെ എന്റെ കൈകളിൽ വച്ചു തന്നു.

 എനിക്ക് ഇന്നും അറിയില്ല ആ നിമിഷത്തെ വർണ്ണിക്കാൻ, എന്നിരുന്നാലും എനിക്ക് ഒരിക്കലും മറക്കുവാനും കഴിയില്ല അവളുടെ ആ പുഞ്ചിരി. ഇതിന് ശേഷം ഞാനാ അച്ഛനെയും മകളെയും അവിടെ എങ്ങും കണ്ടിട്ടുമില്ല. അന്ന് അവളെനിക്ക് തന്നത് സാക്ഷാൽ ഗുരുവായൂരപ്പനെ തന്നെയാണ്. അന്നുമുതൽ വഴികാട്ടിയായ് എന്റെ കണ്ണൻ എനിക്കൊപ്പം ഉണ്ട്.

ആ വിഗ്രഹം കാണുമ്പോഴൊക്കെ ആ പെൺകുട്ടിയുടെ ചിരിയും മനസ്സിൽ തെളിയും എന്റെ കള്ളക്കണ്ണന്റെ ചിരിപോലെ. അവളിലൂടെ എന്റെ അരികിൽ എനിക്ക് കൂട്ടായി എന്നും കണ്ണനുമെത്തി. പേരറിയാത്ത അവളെ ഞാനിന്ന് കണ്ണന്റെ മീര എന്ന് വിളിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...