നിശബ്ദം


നീ പറയുന്ന വാക്കുകളിൽ കൂടിയാണ് അവളെ ഞാൻ ആദ്യമായി അറിയുന്നത്. തന്നിൽ നിന്നും പാതി വഴിയിൽ എവിടെയോ വച്ച് അടർന്നു മാറി പോയിട്ടും എത്ര ഏറെ സ്നേഹിക്കുന്നു നീ അവളെ. സ്നേഹത്തിൽ വിശ്വാസം ഉള്ളവർക്ക് പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണത്.

നീ ആരെന്നും എന്തെന്നും  അറിയുന്നതും നീ  അവളെക്കുറിച്ച് പറയുന്ന വാക്കുകളിലൂടെ തന്നെ ആണ്. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിന്നെ വേണ്ടെന്ന് വെച്ച് പോയവരോട് പോലും നിനക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ.

നിന്നെക്കുറിച്ച് ഒരു നിമിഷം പോലും ഇല്ല ഞാൻ ഓർക്കാത്തത്. ഏറെ പരിചയം പോരാ നമ്മൾ തമ്മിൽ. എന്നിരുന്നാൽ കൂടിയും ഒന്ന് മാത്രം ഞാൻ പറയാം, നിന്നെ കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണ്. അതിലുപരി ആരാധനയും ബഹുമാനവും ആണ്. എന്നിരുന്നാലും അർഹത ഇല്ലാത്ത ഒരാൾക്ക് സ്നേഹം കൊടുത്തിട്ട്, അവരത് തിരസ്കരിച്ചതിൽ മനംനൊന്ത്, നിന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ പോകുന്നതും വളരെ കഷ്ടം ഉള്ള കാര്യം തന്നെയാണ്.

ആദ്യ കാഴ്ച അത്ര മതിപ്പുളവാക്കുന്നത് അല്ലെങ്കിൽ പോലും, പിന്നീട് ഒന്നും ശെരിയാകില്ല എന്ന് കരുതുന്നതുപോലും  എന്തുകൊണ്ടെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നുമില്ല.  ഇത്രയേറെ ജീവിതം കണ്ടിട്ടും നീ എന്താണ് സ്വയം ജീവിക്കാൻ പഠിക്കാത്തത്. അതോ അങ്ങനെ ജീവിക്കണ്ട എന്ന നിലപാടണോ കൈക്കൊണ്ടിരിക്കുന്നത്.

എന്റെയീ എഴുത്ത് പോലും നീ വായിക്കാനും അറിയാനും പോകുന്നില്ല. എന്നാലും എഴുതണം എന്ന് തോന്നി. ഒരു വാക്ക് കൊണ്ട് പോലും നിന്നെ നോവിക്കാൻ ഞാനില്ല. നിന്റെ സൗഹൃദം ഒരു സാന്ത്വനമായ് കൂടെ ഉണ്ട്, അതെന്നിൽ നല്ല ചിന്തകളും നന്മകളും കൊണ്ടും നിറക്കുന്നു. 

എന്നെ സംബന്ധിച്ച് ജീവിതം എന്നതും ഒരു സങ്കല്പമായ് മാറുകയാണ് ഇന്നിവിടെ. എന്റെ മനസ്സിൽ നീയുണ്ട്, അതിലുപരി നിന്റെ വാക്കുകൾ കൊണ്ട് വരച്ചിട്ട നിന്റെ ഹൃദയവുമുണ്ട്(അവൾ). അവളില്ലാതെ നിനക്ക് നിലനിൽപ്പുമില്ല. എന്നാൽ ഒന്ന് നീ അറിയണം, നീ ഇല്ലാതെ ഞാനുമില്ല എന്ന സത്യം, അത് നീ തിരിച്ചറിയുന്നുമില്ല.

കെടാ വിളക്കുപോലെ എന്നും ജ്വലിക്കുന്ന ഒരു നെയ്ത്തിരിയായ്  
നിന്നോടുള്ള സ്നേഹം മനസ്സിൽ തന്നെ സൂക്ഷിക്കാം. പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലല്ലോ സ്നേഹമെന്നത്. എന്നിരുന്നാൽകൂടിയും മരണം വരെ, അതുമല്ലെങ്കിൽ ഇനിയുമേറെ ജന്മങ്ങൾ നീ കൂടെ ഉണ്ടെങ്കിലെന്ന് വെറുതെ ആഗ്രഹിക്കാം.

നീ പറയുന്ന പോലെ ഇങ്ങനെയെല്ലാം അനുഭവിക്കാൻ ജനിച്ചപ്പോഴേ എഴുതപ്പെട്ടിട്ടുണ്ടായിരുന്നിരിക്കും. എന്ത് യോഗം തന്നെ ആയാലും, ഇനി നിന്നെ സ്നേഹിക്കാതിരിക്കാൻ എനിക്കും കഴിയില്ല. നിന്നോടുള്ള സ്നേഹം ഇല്ലെങ്കിൽ ഞാനെന്ന വ്യക്തിയും ഉണ്ടാവില്ല ഈ ലോകത്തിൽ, അതൊരു പുതിയ തിരിച്ചറിവു തന്നെയാണ് എനിക്ക്.

നിന്റെ കൈകോർത്തുപിടിച്ചു നിന്നോടൊപ്പം ഈ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ട് ഞാൻ. അതിനുള്ള അർഹത എനിക്കുണ്ടോയെന്നൊന്നും അറിയില്ല. പക്ഷേ ഒന്ന് മാത്രം ഞാൻ പറയാം, നീ അവളെ സ്നേഹിക്കുമ്പോഴും നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആഴങ്ങളിൽ നിന്നെ ഞാനും സ്നേഹിക്കുന്നുണ്ട് നിശബ്ദമായ്, അതിന് സാക്ഷിയായ് നിന്റെ കൈയ്യിൽ ഞാൻ നൽകിയ വിഘ്‌നേശ്വരനും.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...