തറവാട്...
ഈ ആറുകെട്ടിന്നകത്തളത്തിൽ,
മുത്തശ്ശി പറയുന്ന കഥകളതുകേട്ടീ....
കൂട്ടരും കൂടി,
വളർന്നതുമിവിടെ ഞാൻ....
മുറ്റത്തെ ശർക്കരപ്പുളിയുടെ മാധുര്യമിന്നും, ഓർമ്മപ്പെടുത്തലായ് കൂട്ടിനുണ്ടിന്നുമേ...
നാവിലെൻ മധുരമൂറുന്നൊരീ
നല്ല മാമ്പഴ കാലങ്ങൾ...
തേനൂറി നിൽക്കും ചോരചുവപ്പിൽ പടർന്നങ്ങു നിൽക്കുന്നു മുറ്റത്തായീ മൾബറിത്തോട്ടവും...
ജാതിപത്രിയും വയമ്പും വയണയും നെല്ലിയും ജാമ്പയും ...
മുക്കുറ്റി മുല്ലയും തുമ്പയും തെറ്റിയും
ചെമ്പകമലർകളും പനിനീർപൂക്കളും.,
പാരിജാതങ്ങളും തുളസിത്തറയും
നന്ദനോദ്യാനമായി...
സന്ധ്യയിങ്ങെത്തി കാവതിൽ,
പുള്ളുവൻ പാട്ടിന്റെ ശീലുകൾ കേൾക്കുന്നു...
തെക്കിനിതന്നിലായ് വിഘ്‌നേശ്വരനുണ്ട്,
തെല്ലൊന്ന്മാറി മൂകാംബിയമ്മയും...
ദീപം കൊളുത്തി നാമം ജപിക്കുന്നേവരും,
ചേർന്നീ തൃസന്ധ്യാവേളയിൽ...
നന്മയുമൊരുമയും ഉണ്ടെങ്കിലും,
പലരും ഒറ്റപ്പെടുന്നൂ വിധിയെന്നതിൽ...
കാറുണ്ട് കോളുണ്ട്
ചിലനേരം പൊട്ടിത്തെറികളുണ്ട്,
ഉലയുന്നു ബന്ധങ്ങൾ തോണിപോലിവിടെ....
ആരുമില്ലെന്നു ഞാൻ പരിഭവം പറയുമ്പോൾ,
ഊന്നു വടിയുള്ളോരപ്പൂപ്പൻ ഉണ്ടിവിടെ, മോൾക്ക് കാവലായ്,
എന്നമ്മ ചൊല്ലുന്നു പലവുരിയെന്നോടായ്...
പണ്ടുഞാൻ കണ്ടോരു, താളിയോലഗ്രന്ഥങ്ങൾ സ്വർണ്ണച്ചിലമ്പുകൾ,
ഇന്നിവിടെ ദേവിയമ്മയ്ക്ക് ചാർത്തുന്നലങ്കാരം...
വിസ്മരിക്കില്ല ഞാനാബാല്യസ്മൃതികൾ ഒരിക്കലും
നീ തന്നെയെന്നിലെ ജീവരേഖ..
അറിയുന്നു ഞാനിന്ന്,
നിൻ ദുഃഖങ്ങളൊക്കെയും....
ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ പേറി നിൽക്കുന്നുനീ,
പഴമയുടെ കഥ പറയുവാൻ മാത്രമായി...
ഒരുവാക്ക് ഞാനേകം,
നിനക്കായ്....
ആരുമില്ലെങ്കിലും ഇനി ഞാനുണ്ട്,
നിന്നടുത്തായി ഇനിയുള്ളകാലം....
👌👌👌👌🌹
മറുപടിഇല്ലാതാക്കൂ👌👌👌👌👌
മറുപടിഇല്ലാതാക്കൂSuperb 👌👌👌
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ